കോട്ടയം :എല്‍സി എന്ന ജീവനക്കാരി മാർക്ക് ലിസ്റ്റിന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ കൂടുതൽ നടപടിയുമായി എം.ജി സർവകലാശാല. ജാഗ്രതക്കുറവും കൃത്യവിലോപവും കാട്ടിയ എംബിഎ സെക്ഷൻ ഓഫിസർ ഐ സാജനെ സസ്പെൻഡ് ചെയ്‌തു. എൽസിയെ കൈക്കൂലി കേസിൽ വിജിലൻസ് പിടികൂടിയതിന്‍റെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ സർവകലാശാലാ സിൻഡിക്കേറ്റ് ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
വീഴ്‌ചകൾ ഗൗരവമായി എടുക്കാതിരുന്ന അസിസ്റ്റന്‍റ് രജിസ്ട്രാർ ആസിഫ് മുഹമ്മദിനോട് വിശദീകരണം തേടിയിട്ടുമുണ്ട്. കൈക്കൂലി വാങ്ങിയ കേസിൽ വിജിലൻസ് പിടികൂടിയ എൽസിക്കെതിരായ നടപടി കഴിഞ്ഞ ദിവസം ചേർന്ന സിൻഡിക്കറ്റ് യോഗം അംഗീകരിച്ചിട്ടുണ്ട്. സമിതി ശിപാർശകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തുടർനടപടി സ്വീകരിക്കാൻ വൈസ് ചാൻസലറെ ചുമതലപ്പെടുത്തുകയും ചെയ്‌തു.