കേരളം

kerala

ETV Bharat / state

മുതിർന്ന മാധ്യമപ്രവർത്തകൻ ആർ ഗോപികൃഷ്‌ണൻ അന്തരിച്ചു

മെട്രോ വാർത്തയുടെ ചീഫ് എഡിറ്ററായിരുന്നു; അന്ത്യം കാൻസർ ബാധിതനായി ചികിത്സയിലിരിക്കെ

Senior journalist R Gopikrishnan passes away  Metrovaartha chief editor R Gopikrishnan passed away  മുതിർന്ന മാധ്യമപ്രവർത്തകൻ ആർ ഗോപികൃഷ്‌ണൻ അന്തരിച്ചു  മെട്രോ വാർത്ത ചീഫ് എഡിറ്റർ ആർ ഗോപികൃഷ്‌ണൻ അന്തരിച്ചു  ആർ ഗോപികൃഷ്‌ണൻ മരണം
മുതിർന്ന മാധ്യമപ്രവർത്തകൻ ആർ. ഗോപികൃഷ്‌ണൻ അന്തരിച്ചു

By

Published : Jul 31, 2022, 6:15 PM IST

കോട്ടയം:മുതിർന്ന മാധ്യമപ്രവർത്തകനും മെട്രോ വാർത്ത ചീഫ് എഡിറ്ററുമായ കോടിമത ഒതേമംഗലത്ത് ആർ ഗോപികൃഷ്‌ണൻ (67) അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിലിരിക്കെ കോട്ടയത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം കോട്ടയം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ. തിങ്കളാഴ്‌ച (01.08.2022) വൈകിട്ട് നാലിന് സർക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെ കോട്ടയം മുട്ടമ്പലം നഗരസഭ വൈദ്യുത ശ്‌മശാനത്തിൽ സംസ്‌കരിക്കും.

മൂവാറ്റുപുഴ നിർമല കോളജ്, പെരുന്ന എൻ.എസ്.എസ് കോളജ്, ബൾഗേറിയയിലെ ജോർജ് ദിമിത്രോവ് ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നായിരുന്നു വിദ്യാഭ്യാസം. ദീപികയിൽ പത്രപ്രവർത്തനം ആരംഭിച്ച ഗോപികൃഷ്‌ണൻ മംഗളം, കേരളകൗമുദി, മെട്രോ വാർത്ത എന്നിവിടങ്ങളിൽ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്‍റെ മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്‌കാരം രണ്ട് തവണ ലഭിച്ചിട്ടുണ്ട് (1985, 1988). 1989ലെ എം.ശിവറാം അവാർഡ്, രാഷ്‌ട്രീയ റിപ്പോർട്ടിങ്ങിൽ വി. കരുണാകരൻ നമ്പ്യാർ പുരസ്‌കാരം, കെ.സി സെബാസ്റ്റ്യൻ പുരസ്‌കാരം, സി.എച്ച് മുഹമ്മദ് കോയ പുരസ്‌കാരം തുടങ്ങി നിരവധി അവാർഡുകൾക്ക് അർഹനായി. ഡാൻ ബ്രൗണിന്‍റെ പ്രശസ്‌തമായ ഡാവിഞ്ചി കോഡ് പുസ്‌തകത്തിന്‍റെ മലയാള പരിഭാഷ നിർവഹിച്ചിട്ടുണ്ട്.

ഗോപികൃഷ്‌ണന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി.എൻ വാസവൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ, എം.പിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ തുടങ്ങിയവർ അനുശോചിച്ചു.

മൂവാറ്റുപുഴ വെള്ളൂർ ഭവനിൽ വി.പി രാഘവൻ നായരുടെയും പങ്കജാക്ഷിയമ്മയുടെയും മകനാണ്. ഭാര്യ: ലീല ഗോപികൃഷ്‌ണൻ, മക്കൾ: വിനയ് ഗോപികൃഷ്‌ണൻ (ബിസിനസ്, ബെംഗളൂരു), ഡോ. സ്‌നേഹ ഗോപികൃഷ്‌ണൻ (അസി. പ്രൊഫ. വിമല കോളജ്, തൃശ്ശൂർ).

ABOUT THE AUTHOR

...view details