കോട്ടയം: അതിശക്തമായ മഴയെ തുടർന്ന് കോട്ടയം മേലുകാവിൽ മണ്ണിടിച്ചിൽ. മേലുകാവ് കാഞ്ഞിരം കവല - മേച്ചാൽ റോഡിൽ വാളകം ഭാഗത്തും നെല്ലാപ്പാറ - മൂന്നിലവ് റോഡിൽ വെള്ളറ ഭാഗത്തും കടവ്പുഴ - മേച്ചാൽ റോഡിലുമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതേ തുടർന്ന് ഇല്ലിക്കക്കല്ല് ഇലവീഴാപൂഞ്ചിറ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് എത്തിയ മലയാളികളായ 25ഓളം പേർക്ക് തിരികെ പോകാൻ സാധിക്കാതെയായി.
മേലുകാവിൽ മണ്ണിടിച്ചിൽ: ഖനനം നിരോധിച്ച് ജില്ല കലക്‌ടർ - heavy rain at kottayam
കനത്ത മഴയെ തുടർന്ന് കോട്ടയം മേലുകാവിൽ മണ്ണിടിച്ചിൽ. 25ഓളം പേരെ മാറ്റിപാർപ്പിച്ചു. ജില്ലയിൽ എല്ലാ ഖനന പ്രവർത്തനങ്ങൾക്കും ജില്ലാ കലക്‌ടർ നിരോധനം ഏർപ്പെടുത്തി.
ഇവരെ മേച്ചാൽ ഗവൺമെന്‍റ് എൽപി സ്‌കൂളിലും തൊട്ടടുത്ത വീടുകളിലുമായി സുരക്ഷിതരായി മാറ്റിപാർപ്പിച്ചു. ഇതേ സ്‌കൂളിൽ രണ്ട് കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചിട്ടുണ്ട്. ചക്കിക്കാവ് കൂവപ്പള്ളി വഴി ചെറിയ വാഹനങ്ങൾ കടത്തി വിടാനുള്ള മാർഗങ്ങൾ നോക്കുന്നുണ്ട്. ഇലക്‌ട്രിക് ലൈനുകൾ റോഡിൽ പൊട്ടി വീണതും ഇലക്‌ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു നിൽക്കുന്നതും രക്ഷാപ്രവർത്തനത്തിന് തടസം നേരിടുന്നു.
കൂടാതെ കോട്ടയം ജില്ലയിൽ എല്ലാ ഖനന പ്രവർത്തനങ്ങൾക്കും നിരോധനം ഏർപ്പെടുത്തികൊണ്ട് ജില്ല കലക്‌ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവിറക്കി. അതിശക്തമായ മഴയും മുന്നറിയിപ്പുകളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് കലക്‌ടറുടെ ഉത്തരവ്.