കോട്ടയം : എംഡിഎംഎ വിൽപനയിലെ പ്രധാന കണ്ണിയും ടാറ്റു ആർട്ടിസ്റ്റുകളായ സഹോദരങ്ങളും കോട്ടയം എക്‌സൈസിന്‍റെ പിടിയിലായി. മെഡിക്കൽ കോളജ് പരിസരത്തും കോട്ടയം ടൗണിലും എംഡിഎംഎ വിൽപന നടത്തി വരുന്ന സംഘത്തിലെ പ്രധാനികള്‍ ആർപ്പൂക്കര സ്വദേശികളായ ബാദുഷ കെ നസീർ (29), സഹോദരൻ റിഫാദ് കെ നസീർ (26) ഇവരുടെ സുഹൃത്തായ കോട്ടയം മണർകാട് വാടകയ്ക്ക് താമസിക്കുന്ന പത്തനംതിട്ട സ്വദേശി ഗോപു കെ ജി (28) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.
ഗോപുവിനെ കോട്ടയം ടൗണിൽ വച്ചും മറ്റ് രണ്ടുപേരെ മെഡിക്കൽ കോളജ് പരിസരത്ത് നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. ഇവരില്‍ നിന്നും അഞ്ചര ഗ്രാം എംഡിഎംഎയും 200 ഗ്രാം കഞ്ചാവും മയക്ക് മരുന്ന് വിറ്റ വകയിലുളള 17,660 രൂപയും പിടിച്ചെടുത്തു. അടിവസ്ത്രത്തിൽ വില്‍പനയ്ക്കായി ചെറു പായ്ക്കറ്റുകളിലാക്കിയ നിലയിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. കോട്ടയം എക്‌സൈസ് ഇൻസ്പെക്‌ടർ രാജേഷ് ജോണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മൂവരെയും അറസ്റ്റ് ചെയ്‌തത്.
പിടിയിലായ ഗോപു നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. അക്രമം, ക്വട്ടേഷൻ, മയക്കുമരുന്ന് തുടങ്ങിയ കേസുകളിലെ സ്ഥിരം പ്രതിയായ ഗോപു എറണാകുളത്ത് നിന്നും എംഡിഎംഎ പായ്ക്കറ്റുകളുമായി കോട്ടയത്തേക്ക് വരുന്നതിനിടയിലാണ് എക്സൈസ് സംഘം സാഹസികമായി പിടികൂടിയത്. മറ്റ് രണ്ട് പേർ എക്‌സൈസിന്‍റെ പിടിയിലാകുമ്പോൾ തളർച്ച അഭിനയിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, എക്‌സൈസ് സംഘം ഇവരെ പിടികൂടുകയായിരുന്നു.
സഹോദരങ്ങളായ ബാദുഷയും, റിഫാദും എംബിഎ ബിരുദം നേടി വിദേശത്ത് ഉയർന്ന കമ്പനികളിൽ ജോലി ചെയ്‌തിരുന്നവരാണ്. ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ഇവർ ജ്യൂസ് പാർലർ, കോഫി ഷോപ്പ്, ടാറ്റൂ വർക്ക്, ബെംഗളൂരുവിൽ നിന്നും തുണി എത്തിച്ചുള്ള വിൽപന തുടങ്ങിയവ നടത്തിയിരുന്നു. ഇതിനിടെ ക്രിമിനൽ കേസ് പ്രതിയായ ഗോപുവിന്‍റെ സൗഹൃദത്തിലാണ് കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ മയക്കുമരുന്ന് വിൽപന നടത്തി വന്നത്.