കോട്ടയം: ജപ്‌തി ഭീഷണിയിലായ കോട്ടയം കടുത്തുരുത്തിയിലെ മാംഗോ മെഡോസ് ജൈവവൈവിധ്യ പാർക്കിനെ കരകയറ്റുന്നതിനുള്ള ധനസമാഹരണത്തിനായി സൗഹൃദ കൂട്ടായ്‌മ രൂപീകരിച്ചു. നിലവിൽ 25 കോടി രൂപ വായ്‌പ തിരിച്ചടവിൽ ജപ്‌തി ഭീഷണിയിലാണ് മാംഗോ മെഡോസ്. പ്രതിസന്ധി പരിഹരിക്കുവാൻ വഴി തേടുന്നതിനാണ് സൗഹൃദ കൂട്ടായ്‌മ രൂപികരിച്ചത്.
ജപ്‌തി ഭീഷണിയിൽ മാംഗോ മെഡോസ്
മികച്ച ജൈവ വൈവിധ്യ പാർക്ക് എന്ന നിലയിൽ മാംഗോ മെഡോസ് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയിട്ടുണ്ട്. വൃക്ഷസസ്യലതാദികളുടെ വൈവിധ്യത കൊണ്ട് പച്ചതുരുത്തായി മാറിയ ഇവിടം ഉല്ലാസ കേന്ദ്രം എന്നതിന് പുറമേ ഗവേഷണ വിദ്യാർഥികളുടെ പഠന കേന്ദ്രം കൂടിയാണ്. കൊവിഡിനെ തുടർന്ന് ഒന്നര വർഷമാണ് പാർക്ക് അടച്ചിട്ടത്. 15 വർഷം മുമ്പ് എം.കെ. കുര്യൻ എന്ന പ്രവാസി മലയാളി ആരംഭിച്ച ജൈവ വൈവിധ്യ പാർക്കില്‍ ധാരാളം തണ്ണീർത്തടങ്ങളുടെ സംരക്ഷണവും നടത്തുന്നുണ്ട്.
ജപ്‌തി ഭീഷണിയിൽ മാംഗോ മെഡോസ്; ആശ്വാസ പദ്ധതിയുമായി സൗഹൃദ കൂട്ടായ്‌മ സംരക്ഷണ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ
നിലവിൽ സാമ്പത്തിക പ്രതിസന്ധിയിലായ പാർക്കിനെ സംരക്ഷിക്കാൻ കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫാണ് നിയമസഭയിൽ വിഷയം അവതരിപ്പിച്ചത്. ഇതേ തുടർന്ന് പാർക്ക് സംരക്ഷിക്കാനാവശ്യമായ നടപടികൾ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. അതിനു മുമ്പായി ജനങ്ങളിൽ നിന്നും ധനസമാഹരണം നടത്തി പാർക്ക് നിലനിർത്താനാണ് ശ്രമം.
ഇതിന്‍റെ ഭാഗമായി പതിനായിരം രൂപയ്‌ക്ക് അംഗത്വമെടുക്കുന്നവർക്ക് അഞ്ചുവർഷത്തേക്ക് 23000 രൂപയുടെ സൗകര്യങ്ങൾ മാംഗോ മെഡോസിൽ ലഭ്യമാക്കും.
പാർക്ക് കേന്ദ്രീകരിച്ച് പാരിസ്ഥിതിക കോഴ്‌സുകൾ
എംജി സർവകലാശാലയുടെ നാല് പാരിസ്ഥിതിക കോഴ്‌സുകൾ മാംഗോ മെഡോസ് കേന്ദ്രീകരിച്ച് ആരംഭിക്കുമെന്ന് എംജി സർവകലാശാല വൈസ് ചാൻസിലർ ഡോ. സാബു തോമസ് പറഞ്ഞു. പ്രാക്‌ടിക്കൽ ക്ലാസുകളാണ് മാംഗോ മെഡോസിലും നടത്താനുദ്ദേശിക്കുന്നത്. സർപ്പക്കാവുകളുടെ സംരക്ഷണം അടക്കമുള്ള കോഴ്‌സുകൾ പുതിയതായി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.