കോട്ടയം:പാലായില്‍ മരത്തില്‍ കയറിയ മുത്തോലി സ്വദേശി ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മരത്തിനുമുകളില്‍ കുടുങ്ങി. 40 അടിയോളം ഉയരത്തില്‍ മരത്തിന് മുകളില്‍ അകപ്പെട്ട മുത്തോലി നിരപ്പേല്‍ ജോണിയ്ക്ക് ഫയര്‍ഫോഴ്‌സാണ് ഒടുവില്‍ രക്ഷയായത്.
മരത്തിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി - പാലാ
മരത്തിൽ കുടുങ്ങിയ ജോണി ഒപ്പം കരുതിയ കയര്‍ കൊണ്ട് ശരീരം മരത്തോട് ചേര്‍ത്തുകെട്ടിയതിനാൽ വൻ അപകടം ഒഴിവായി
രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. കൊട്ടാരമറ്റത്തിന് സമീപം പുരയിടത്തിലെ മരത്തിന്‍റെ ശിഖരം മുറിക്കാനാണ് ജോണി മരത്തില്‍ കയറിയത്. ഉയരത്തിലെത്തി മരക്കമ്പ് മുറിച്ച് തുടങ്ങിയപ്പോള്‍ തലകറക്കവും തളര്‍ച്ചയും അനുഭവപ്പെടുകയായിരുന്നു. ഒപ്പം കരുതിയ കയര്‍ കൊണ്ട് ശരീരം മരത്തോട് ചേര്‍ത്തുകെട്ടിയതാണ് രക്ഷയായത്. മരത്തിന്റെ ശിഖരത്തില്‍ ജോണി തളര്‍ന്നിരുന്നതോടെ ഒപ്പമുണ്ടായിരുന്നവര്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചു.
മരത്തിന് മുകളില്‍ ആള്‍ കുടുങ്ങിയെന്ന വിവരം പരന്നതോടെ നിരവധി ആളുകളും തടിച്ചുകൂടി. ഫയര്‍ഫോഴ്‌സെത്തി രണ്ട് ഉദ്യോഗസ്ഥര്‍ മരത്തിനു മുകളിലെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒരു മണിക്കൂറോളം മരത്തിൽ കുടുങ്ങിയ ജോണിയെ വലിയ വല ഉപയോഗിച്ചാണ് താഴെയെത്തിച്ചത്. മരത്തോട് ചേര്‍ത്ത് സ്വയം ബന്ധിപ്പിക്കാന്‍ ജോണിയ്ക്ക് തോന്നിയതാണ് അപകടമൊഴിവാക്കിയതെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.