കേരളം

kerala

ETV Bharat / state

'അടൂരിനെ ജാതിവാദി എന്നൊക്കെ വിളിക്കുന്നത് ഭോഷ്‌ക്‌' : പിന്തുണയുമായി എം എ ബേബി

അടൂർ മതേതരവാദിയാണെന്നും അദ്ദേഹത്തെ ജാതിവാദിയായി ചിത്രീകരിക്കുന്നത് വ്യക്തിഹത്യയാണെന്നും എം എ ബേബി

m a baby supports adoor gopalakrishnan  m a baby  adoor gopalakrishnan  kr narayanan institute  kr narayanan institute students protest  എം എ ബേബി  എം എ ബേബി അടൂർ ഗോപാലകൃഷ്‌ണൻ  അടൂർ ഗോപാലകൃഷ്‌ണൻ  അടൂർ ഗോപാലകൃഷ്‌ണനെ പിന്തുണച്ച് എം എ ബേബി  അടൂർ ഗോപാലകൃഷ്‌ണന് പിന്തുണയുമായി എം എ ബേബി  എം എ ബേബി ഫേസ്ബുക്ക്  എം എ ബേബി ഫേസ്ബുക്ക് പോസ്റ്റ്  കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  കെ ആര്‍ നാരായണന്‍ കോളജ് വിവാദം
എം എ ബേബി

By

Published : Jan 17, 2023, 12:10 PM IST

കോട്ടയം : കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിലെ വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍ അടൂര്‍ ഗോപാലകൃഷ്‌ണനെ പിന്തുണച്ച് സിപിഎം നേതാവ് എം എ ബേബി. അടൂര്‍ ഗോപാലകൃഷ്‌ണനെ ജാതിവാദി എന്ന് വിളിക്കുന്നത് ഭോഷ്‌കാണെന്ന് എം എ ബേബി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

അടൂര്‍ പറയുന്ന വാക്കുകള്‍ എടുത്ത് അദ്ദേഹത്തെ സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രവധം ചെയ്യുന്നത് വിപ്ലവകരമായ പ്രവര്‍ത്തനം ആണെന്ന് ആരും കരുതരുത്. അങ്ങനെ കരുതുന്നെങ്കില്‍ അവര്‍ രാഷ്ട്രീയത്തിന്‍റെ ബാലപാഠങ്ങള്‍ ഒന്നുകൂടി പഠിക്കണമെന്നും എം എ ബേബി കുറിച്ചു. മലയാള സിനിമയില്‍ എന്നും നിലനിന്നിരുന്ന ജാതിവിഭാഗീയതയില്‍ നിന്ന് അമ്പത് വര്‍ഷത്തെ ചലച്ചിത്രജീവിതത്തില്‍ മാറിനിന്നയാളാണ് അടൂര്‍.

അടൂരിനെ ഒരു ജാതിവാദിയായി ചിത്രീകരിക്കുന്നത് നിരുത്തരവാദപരമായ വ്യക്തിഹത്യ മാത്രമാണ്. സ്ഥാപനത്തിലെ വിദ്യാര്‍ഥികളും ചില തൊഴിലാളികളും ഉന്നയിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചുവരികയാണ്. ഇതിന്‍റെ ഭാഗമായി ഇന്ത്യയിലെ മനുവാദ - അര്‍ധ ഫാഷിസ്റ്റ് സര്‍ക്കാരിനെതിരെ നിരന്തരം ശബ്‌ദമുയര്‍ത്തുന്ന അടൂരിനെ ആക്രമിക്കുന്നത് ശരിയല്ലെന്നും ബേബി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം :'കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിലെ കുറച്ചുവിദ്യാര്‍ഥികളും ചില തൊഴിലാളികളും ഉന്നയിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചുവരികയാണ്. ദൃശ്യമാധ്യമങ്ങളില്‍ വിദ്യാഭ്യാസത്തിനും പഠനത്തിനും ഇന്ത്യക്കാകെയും സംഭാവന നല്‍കേണ്ടുന്ന സ്ഥാപനമാണ് കെആര്‍എന്‍ഐവിഎസ്എ. പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങള്‍ യൂണിയന്‍ സര്‍ക്കാരിന്‍റെ വര്‍ഗീയ രാഷ്ട്രീയത്താല്‍ തകര്‍ക്കപ്പെടുന്ന കാലത്ത് ഈ സ്ഥാപനത്തിന്‍റെ നിലനില്‍പ്പും വളര്‍ച്ചയും രാഷ്ട്രീയ പ്രാധാന്യവും നേടുന്നു. ഇന്ന് ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ ചലച്ചിത്രകാരന്‍ ശ്രീ അടൂര്‍ ഗോപാലകൃഷ്‌ണന്‍ ആണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ അധ്യക്ഷന്‍. മഹാനായ ചലച്ചിത്രകാരന്‍ എന്നത് കൂടാതെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ അധ്യക്ഷതയടക്കമുള്ള ചുമതലകള്‍ വഹിച്ചിട്ടുള്ള സ്ഥാപന നായകനുമാണ് അദ്ദേഹം.

അടൂര്‍ പറയുന്ന വാക്കുകള്‍ ഓരോന്നും എടുത്ത് അദ്ദേഹത്തെ സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രവധം ചെയ്യുന്നത് വിപ്ലവകരമായ പ്രവര്‍ത്തനം ആണെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അവര്‍ രാഷ്ട്രീയത്തിന്‍റെ ബാലപാഠങ്ങള്‍ ഒന്നുകൂടി പഠിക്കണം എന്നുമാത്രമേ എനിക്ക് പറയാനുള്ളൂ. തന്‍റെ ജീവിതചുറ്റുപാടുകള്‍ക്ക് നേരെ ക്യാമറ തിരിച്ചുവച്ച മഹാനായ കലാകാരനാണ് അദ്ദേഹം. അടൂരിനെ ജാതിവാദി എന്നൊക്കെ വിളിക്കുന്നത് കുറഞ്ഞ പക്ഷം ഭോഷ്‌കാണ്. മലയാളസിനിമയില്‍ എന്നും നിലനിന്നിരുന്ന ജാതിവിഭാഗീയതയില്‍ നിന്ന് അടൂര്‍ തന്‍റെ അമ്പത് വര്‍ഷത്തെ ചലച്ചിത്രജീവിതത്തില്‍ മാറിനിന്നു. തന്‍റെ പ്രതിഭയുടെ മികവ് കൊണ്ടുമാത്രമാണ് ജാതി ക്ലിക്കുകളുടെ തരംതാണ സഹായത്തിനായി പോവേണ്ട സാഹചര്യം അടൂരിന് ഉണ്ടാവാതിരുന്നത്. അടൂരിനെ ഒരു ജാതിവാദിയായി ചിത്രീകരിക്കുന്നത് നിരുത്തരവാദപരമായ വ്യക്തിഹത്യ മാത്രമാണ്.

ഇന്നത്തെ ഇന്ത്യയിലെ മനുവാദ - അര്‍ധ ഫാഷിസ്റ്റ് സര്‍ക്കാരിനെതിരെ നിരന്തരം ഉയര്‍ന്ന ശബ്‌ദങ്ങളില്‍ ഒന്ന് അടൂരിന്‍റേതാണെന്നത് ചെറിയ കാര്യമല്ല. വെറും മൗനം കൊണ്ടുമാത്രം അദ്ദേഹത്തിന് നേടാമായിരുന്ന പദവികള്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ അധ്യക്ഷസ്ഥാനം ഒന്നും അല്ല. ജീവിതകാലം മുഴുവന്‍ അടൂര്‍ ഒരു മതേതരവാദിയായിരുന്നു. വര്‍ഗീയതയ്ക്കും ജാതിമേധാവിത്വത്തിനും അദ്ദേഹം എതിരുനിന്നു.

സ്വയംവരം നിര്‍മിച്ചതിന്‍റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേള അടൂരിന്‍റെ ചലച്ചിത്ര സംഭാവനകളെക്കുറിച്ച് ആദരവര്‍പ്പിക്കാനുള്ളതാണ്. മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തെ പ്രകോപിക്കാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം തിരിച്ചടിക്കുന്ന ഉത്തരങ്ങളല്ല അടൂര്‍. അമ്പത് വര്‍ഷങ്ങള്‍ കൊണ്ട് അദ്ദേഹം എടുത്ത സിനിമകളും ഒരിക്കലും കുലുങ്ങാത്ത അദ്ദേഹത്തിന്‍റെ മതേതര രാഷ്ട്രീയവുമാണ് അടൂര്‍'.

പരാതിയിൽ കഴമ്പുണ്ടെന്ന് റിപ്പോർട്ട് :ജാതി വിവേചനം, സംവരണ അട്ടിമറി തുടങ്ങിയ വിഷയങ്ങളുന്നയിച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രതിഷേധത്തിലാണ്. പ്രതിഷേധത്തെ തുടര്‍ന്ന് ജനുവരി 21 വരെ ക്യാംപസ് അടച്ചിട്ടിരിക്കുകയാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്‌ടര്‍ ശങ്കര്‍ മോഹന്‍ ജാതി അധിക്ഷേപം നടത്തുന്നതായി ജീവനക്കാരും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായ അടൂര്‍ ഗോപാലകൃഷ്‌ണന്‍ ഡയറക്‌ടറെ സംരക്ഷിക്കുകയാണെന്ന് ആരോപണമുണ്ട്. ഇതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ അടൂരിനെതിരേയും വിമര്‍ശനം ഉന്നയിച്ചത്.

സിനിമ മേഖലയില്‍ നിന്നടക്കം വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിന് പിന്തുണ ഏറുമ്പോഴാണ് മുതിര്‍ന്ന സിപിഎം നേതാവ് അടൂരിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്‌ടര്‍ക്കെതിരെ വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച ആക്ഷേപങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗ അന്വേഷണ കമ്മിഷന്‍, പരാതിയില്‍ കഴമ്പുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍, മുന്‍ നിയമസഭ സെക്രട്ടറി എന്‍ കെ ജയകുമാര്‍ എന്നിവരടങ്ങുന്ന സമിതിയാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

ABOUT THE AUTHOR

...view details