കോട്ടയം:45 വർഷമായിട്ടും പട്ടയം കിട്ടാതെ ദുരിതത്തിലായിരിക്കുകയാണ് കോട്ടയം കുറിച്ചി എണ്ണയ്ക്കാചിറ നിവാസികൾ. എണ്ണയ്ക്കാചിറ അംബേദ്‌കർ കോളനിയിലെ 60 ഓളം കുടുംബങ്ങൾക്ക് വീട് വയ്ക്കുവാനോ മറ്റ് ആനുകൂല്യങ്ങൾ നേടുവാനോ പട്ടയമില്ലാത്തതിനാൽ കഴിയുന്നില്ല (Land Document Issue Kurichi Ennayakka Chira families). കുറിച്ചി പഞ്ചായത്തിലെ എണ്ണയ്ക്കാച്ചിറ ഭാഗത്തെ 60 ഓളം വീട്ടുകാർക്കാണ് പട്ടയം കിട്ടാനുള്ളത്.
അംബേദ്‌ക്കർ കോളനിയിൽ അഞ്ചും ആറും സെന്‍റ് സ്ഥലങ്ങളാണ് ഓരോരുത്തർക്കും ഉള്ളത്. കൂലിപ്പണിയും മറ്റു തൊഴിലുമായി കഴിയുന്ന സാധാരണക്കാരായ ഇവർക്ക് വീടു പണിയാനോ മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനോ ഉള്ള ആനുകൂല്യങ്ങൾ പട്ടയം ഇല്ലാത്തത് കൊണ്ട് ലഭിക്കുന്നില്ല. കൂടാതെ ലൈഫ് മിഷൻ വഴി വീടിന് അപേക്ഷിക്കാൻ സാധിക്കുന്നില്ല.
ഇവരുടെ മക്കൾക്ക് വിദ്യാഭ്യാസ വായ്‌പയും കിട്ടുന്നില്ല. കോളനി സ്ഥിതി ചെയ്യുന്നത് താഴ്ന്ന പ്രദേശത്തായതിനാൽ വെള്ളക്കെട്ടും രൂക്ഷമാണ്. പൊക്ക പ്രദേശത്ത് നിന്ന് മലിന ജലം ഒഴുകിയെത്തി ഇവരുടെ വീടുകൾക്ക് മുൻപിൽ കെട്ടിക്കിടക്കുകയാണ്. ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാകുന്നുണ്ട്.
അതേസമയം കിണറുകളിലെ വെള്ളവും ഉപയോഗിക്കാൻ കഴിയില്ല. മൂടിയില്ലാത്ത ഓടയുടെ വരമ്പ് വഴിയാണ് ഇവർ നടന്നു പോകുന്നത്. ഈ ഓട മൂടി തരണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെട്ടിടും നടപടിയുണ്ടായില്ല. പലരുടെയും വീടുകൾ ഇടിഞ്ഞു വീഴാറായ അവസ്ഥയിലാണുളളത്.
ഇവിടെ അംഗൻവാടിയ്ക്കായി സ്ഥലം ഏറ്റെടുത്തുവെങ്കിലും തുടർ നടപടികളുണ്ടായില്ല. കോളനിയുടെ മധ്യത്തിലുള്ള മൈതാനവും വികസിപ്പിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. അംബേദ്‌കർ മൈതാനമെന്ന് പേരിട്ടിരിക്കുന്ന ഇവിടം നല്ല സ്‌റ്റേഡിയമായി മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.