കോട്ടയം: പത്രക്കടലാസ് അച്ചടി മാത്രമല്ല നോട്ട്‌ബുക്ക് അടക്കമുള്ള വസ്‌തുക്കളുടെ അച്ചടിയിലേക്കും കേരള പേപ്പർ പ്രോഡക്‌സ് ലിമിറ്റഡിന്‍റെ( കെ.പി.പി.എൽ) ഉൽപാദനം വ്യാപിപ്പിക്കണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പേപ്പർ നിർമാണത്തിന് ആവശ്യമായ മുള വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാനും അതു വെട്ടുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തലത്തിൽ തീരുമാനമെടുക്കുമെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിൽ നിന്നു ലേലം വഴി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പുനർജീവൻ നൽകിയ പൊതുമേഖലാ സ്ഥാപനമായ കെ.പി.പി.എല്ലിലെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനം വെള്ളൂരിലെ കാമ്പസിൽ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടുതൽ അവസരങ്ങൾ: മാർച്ച് മാസത്തോടു കൂടി കെ.പി.പി.എല്ലിന്‍റെ ഉൽപാദനം ലാഭകരമായ ഘട്ടത്തിലേക്കു കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതോടുകൂടി തൊഴിലാളികൾക്ക് സ്ഥിരം നിയമനം നൽകുന്നതിനു തുടക്കം കുറിക്കുമെന്ന് ഉറപ്പുനൽകുന്നതായും ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച വ്യവസായ-നിയമ വകുപ്പുമന്ത്രി പി. രാജീവ് പറഞ്ഞു. 3000 കോടി വിറ്റുവരവുള്ള സ്ഥാപനമായി കെ.പി.പി.എല്ലിനെ മാറ്റുകയാണു സർക്കാരിന്‍റെ ലക്ഷ്യം. അഞ്ചുലക്ഷം മെട്രിക് ടൺ ഉൽപാദനത്തിലേക്ക് സ്ഥാപനത്തെ എത്തിക്കാനും 3000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനാകും ഇതിലൂടെ സാധിക്കും.