കേരളം

kerala

ETV Bharat / state

KPPL Fire Accident Kottayam കെപിപിഎല്ലിൽ വൻ തീപിടിത്തം : കോടികളുടെ നഷ്‌ടം, ആളപായമില്ല

Fire Accident AT Kerala Paper Product Limited : 2022 ൽ സംസ്ഥാന സർക്കാർ പുനസ്ഥാപിച്ച കേരള പേപ്പർ പ്രൊഡക്‌റ്റ് ലിമിറ്റഡ് കമ്പനിയിൽ തീപിടിത്തത്തിൽ കോടികളുടെ നഷ്‌ടം

KPPL Fire Accident Kottayam  kerala paper product Limited  Fire Accident  massive Fire accident kppl  velloor fire accident  കേരള പേപ്പർ പ്രൊഡക്‌റ്റ് ലിമിറ്റഡ്  കെപിപിൽ  കെപിപിഎല്ലിൽ തീപിടിത്തം  തീപിടിത്തം  കോട്ടയം തീപിടിത്തം
KPPL Fire Accident Kottayam

By ETV Bharat Kerala Team

Published : Oct 6, 2023, 12:10 PM IST

Updated : Oct 6, 2023, 12:23 PM IST

കെപിപിഎല്ലിൽ വൻ തീപിടിത്തം

കോട്ടയം :വെള്ളൂരിൽ കേരള പേപ്പർ പ്രൊഡക്‌റ്റ് ലിമിറ്റഡ് (Kerala Paper Product Limited) കമ്പനിയിൽ വൻ തീപിടിത്തം (Fire Accident). ഇന്നലെ (5.10.2023) വൈകിട്ട് ആറുമണിയോടുകൂടി പ്രധാന സെക്ഷനായ പേപ്പർ മിഷ്യൻ പ്ലാന്‍റിലാണ് തീപിടിത്തമുണ്ടായത്. താഴ്‌ന്ന ഭാഗത്തുനിന്നും പടർന്ന തീ യന്ത്രത്തിലേക്ക് വ്യാപിച്ച് യന്ത്രത്തിന്‍റെ മുക്കാൽ പങ്കും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തിൽ കോടികളുടെ നഷ്‌ടമാണ് കണക്കാക്കുന്നത്. 25 ഓളം തൊഴിലാളികളാണ് സംഭവസ്ഥലത്ത് ജോലിയിലുണ്ടായിരുന്നത്. എന്നാൽ അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഏഴ് യൂണിറ്റ് അഗ്‌നിശമന സേനയെത്തി മൂന്നര മണിക്കൂർ പണിപെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ രണ്ട് ഫയർ ഉദ്യോഗസ്ഥർക്ക് ചെറിയ രീതിയിൽ പരിക്കേറ്റിട്ടുണ്ട്.

പിറവം ഫയർ സ്റ്റേഷനിൽ സീനിയർ ഫയർമാൻ സജീന്ദ്രന് പുക മൂലം ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും, മറ്റൊരാൾക്ക്‌ മുറിവേൽക്കുകയും ചെയ്‌തു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും വിശദമായ പരിശോധന നടത്തിയ ശേഷം മാത്രമേ നാശനഷ്‌ടം കണക്കാക്കാനാകൂ എന്നും സ്‌പെഷ്യൽ ഓഫിസർ പ്രസാദ് ബാലകൃഷ്‌ണൻ നായർ പറഞ്ഞു. പൾപ്പിൻ പ്ലാന്‍റിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ 20 ദിവസമായി പേപ്പർ നിർമാണം ഉണ്ടായിരുന്നില്ല. ഇന്നലെ വൈകിട്ട് 3:30നാണ് വീണ്ടും പേപ്പർ നിർമാണം ആരംഭിച്ചത്.

സമയോചിതമായി ഇടപെട്ട് തൊഴിലാളികൾ : തീപിടിത്തം ഉണ്ടായ പേപ്പർ മിഷൻ പ്ലാന്‍റിന്‍റെ സമീപമാണ് ഏകദേശം 200 ലിറ്റർ സമ്പന്ന ശേഷിയുള്ള മണ്ണണ്ണ ടാങ്കും, 7000 ലിറ്റർ സംഭരണ ശേഷിയുള്ള ഓയിൽ ടാങ്കും ഉള്ളത്. തീ പടരുന്നത് കണ്ട തൊഴിലാളികൾ ഉടൻ ഹൈഡ്രന്‍റ് ഉപകരണം ഉപയോഗിച്ച് തീ അണയ്‌ക്കാൻ ശ്രമിച്ചിരുന്നു. മണ്ണെണ്ണ, ഓയിൽ ടാങ്ക് ഭാഗത്തേക്ക് തീ പടരാതിരിക്കാനാണ് തൊഴിലാളികൾ ശ്രമിച്ചത്. ആയതിനാൽ വലിയൊരു ദുരന്തം ഒഴിവായി.

അപകടം ആരോപണമാകുന്നതിങ്ങനെ : വലിയൊരു ഫയർ സിസ്റ്റം കമ്പനിക്ക് അകത്ത് ഉണ്ടായിട്ടും അത് പ്രവർത്തിപ്പിക്കാൻ അനുമതി ഇല്ല എന്നും, തൊഴിലാളികൾക്ക് ഇൻഷുറൻസ് ഇല്ല എന്നും നാട്ടുകാരും തൊഴിലാളികളും ആരോപിച്ചു. വൈക്കം എംഎൽഎ സി കെ ആശ, മുൻ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശരത്ത്, വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നികേഷ് കടുത്തുരുത്തി, ബ്ലോക്ക് പ്രസിഡണ്ട് പി വി സുനിൽ, കെ ജയകൃഷ്‌ണൻ, കെ ഡി വിശ്വനാഥൻ എന്നിവർ കമ്പനി സന്ദർശിച്ചു. നൂറുകണക്കിന് ജനങ്ങൾ കമ്പനി വാതിൽക്കൽ തടിച്ചുകൂടി. മാധ്യമപ്രവർത്തകരെ അകത്തേക്ക് കടത്തിവിടാതെ സെക്യൂരിറ്റി തടഞ്ഞതും വാക്ക് തർക്കത്തിനും ഉന്തും തള്ളിലും കലാശിച്ചു.

2019 ൽ അടച്ചുപൂട്ടി കേന്ദ്രസർക്കാർ : ജപ്പാൻ നിർമിതമാണ് പേപ്പർ മിഷൻ പ്ലാന്‍റ്. ഹിന്ദുസ്ഥാൻ ന്യൂസ് ലിമിറ്റഡ് ആയിരുന്ന കാലത്ത് ഉണ്ടായിരുന്ന പ്ലാന്‍റ് പ്രതിസന്ധിയിലായതോടെ 2019 ൽ പ്രവർത്തനം നിർത്തുകയായിരുന്നു. സാമ്പത്തിക നഷ്‌ടത്തെ തുടർന്ന് കേന്ദ്രസർക്കാർ വിൽക്കാൻ തീരുമാനിച്ച ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്‍റ് ലിമിറ്റഡ് (എച്ച് എൻ എൽ) സംസ്ഥാന സർക്കാർ പിന്നീട് ഏറ്റെടുത്തു. ശേഷം കേരള പേപ്പർ പ്രൊഡക്‌റ്റ് ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്‌തു.

154 കോടി മുടക്കി പുനസ്ഥാപിച്ച് സംസ്ഥാന സർക്കാർ : തുടർന്ന് പ്ലാന്‍റ് അടക്കം യന്ത്രങ്ങളുടെ നവീകരണത്തിന് 154 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചാണ് പ്രവർത്തനം തുടങ്ങിയത്. 2022 മെയ് 19 നാണ് കെ പി പി എൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം നിർവഹിച്ചത്. കെ പി പി എല്ലിലുണ്ടായ തീപിടിത്തത്തിൽ സർക്കാർ തലത്തിൽ അടിയന്തര അന്വേഷണം നടത്തണമെന്നും, മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിമാരുടെയും ശ്രദ്ധയിൽ ഇതെല്ലാം കൊണ്ടുവരുമെന്നും അഡ്വ. മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു.

Last Updated : Oct 6, 2023, 12:23 PM IST

ABOUT THE AUTHOR

...view details