കോട്ടയം:സ്‌ത്രീ സമൂഹത്തിന്‍റെ പച്ചയായ ജീവിതാനുഭവങ്ങളുടെ സമാഹാരമൊരുക്കിയ എഴുത്തുകാരി ഗ്രീഷ്‌മ മോഹന് ലോക റെക്കോഡ്. ലണ്ടനിലെ വണ്ടർ ബുക്ക് ഓഫ് റെക്കോഡ്‌സ് ഇന്റർനാഷണൽ, ആന്ധ്രയിലെ വജ്ര വേൾഡ് റെക്കോഡ്‌സ്, ഹരിയാനയിലെ ഒ.എം.ജി ബുക്ക് ഓഫ് റെക്കോഡ്‌സ് എന്നി മൂന്ന് അംഗീകാരങ്ങളാണ് ഗ്രീഷ്‌മയെ തേടിയെത്തിയത്. '100 പ്ലസ് സ്പ്ളെന്‍ഡിഡ് വോയ്‌സെസ് സെലിബ്രേറ്റിങ് വുമൺഹുഡ്' എന്ന പുസ്‌തകത്തിനാണ് 2021 ലെ റെക്കോഡുകള്‍ ലഭിച്ചിരിക്കുന്നത്.
സ്‌ത്രീ സമൂഹത്തിന്‍റെ ജീവിതാനുഭവങ്ങളുടെ സമാഹാരമൊരുക്കിയ സാഹിത്യകാരി ഗ്രീഷ്‌മ മോഹന് ലോക റെക്കോഡ് പുസ്‌തകമൊരുക്കിയത് ബിരുദ വിദ്യാര്‍ഥിക്കൊപ്പം: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 250 വനിതകളാണ് തങ്ങളുടെ അനുഭവങ്ങള്‍ ഗദ്യമായും പദ്യമായും എഴുതിയിരിക്കുന്നത്. ഇത്രയും സ്‌ത്രീകള്‍ ചേര്‍ന്നെഴുതിയ പുസ്‌തകം എന്നത് പരിഗണിച്ചാണ് മൂന്ന് റെക്കോഡുകളും.
ഇതിന്‍റെ ഉള്ളടക്കം എഡിറ്റ് ചെയ്‌താണ് ഈ 25 കാരി പുസ്‌തകം പുറത്തിറക്കിയത്. 'ദ വേൾഡ് ഓഫ് ഹിഡൻ തോട്ട്‌സ് പബ്ലിക്കേഷൻസ്' ആണ് പ്രസാധനം. സുഹൃത്തായ കാന്‍പുരിലെ ബിരുദ വിദ്യാര്‍ഥി അന്വേഷിക ഗുപ്‌തയോടൊപ്പം ചേർന്നാണ് പുസ്‌തകം പൂര്‍ത്തിയാക്കിയത്.
കോട്ടയം ചിങ്ങവനം പുതുപ്പറമ്പിൽ പി.പി മോഹനൻ - ലീലാമ്മ ദമ്പതികളുടെ മകളായ ഗ്രീഷ്‌മ, നിലവില്‍ കാന്‍പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ദ വേള്‍ഡ് ഓഫ് ഹിഡന്‍ തോട്‌സ് പബ്ളിഷേഴ്‌സിലെ' കണ്ടന്‍റ് റൈറ്ററും ക്രിയേറ്റീവ് മേധാവിയുമാണ്. പുസ്‌തകം അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടപ്പോൾ, സ്‌ത്രീ അനുഭവങ്ങളുടെ വേറിട്ട തലങ്ങളാണ് വായനക്കാർക്ക് പകർന്നുകിട്ടിയത്. വിദ്യാഭ്യാസ കാലത്തു തന്നെ ഗ്രീഷ്‌മ സ്‌ത്രീകളുടെ അവകാശ പോരാട്ടങ്ങളോട് ആഭിമുഖ്യം പുലർത്തിയിരുന്നു.
പ്രേരണയായത് സ്‌ത്രീപക്ഷ രാഷ്‌ട്രീയം:സ്‌ത്രീയും പുരുഷനും ഉൾപ്പെടുന്ന സമൂഹം വ്യത്യസ്‌ത അനുഭവങ്ങളിലൂടെ കടന്നു പോകുന്നവരാണ്. പുരുഷ്വാധിപത്യ ലോകത്ത് സ്‌ത്രീകൾക്ക് ഏറെ പറയാനുണ്ടെന്ന തിരിച്ചറിവിലാണ് ഇങ്ങനെയൊരു സമാഹാരത്തിന് തുനിഞ്ഞതെന്ന് എഴുത്തുകാരി പറയുന്നു. കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും സ്‌ത്രീകൾ നേരിട്ട ദുരനുഭവങ്ങൾ മാത്രമല്ല പ്രചോദനവും പ്രേരണയും ഉൾപ്പെടെ അവരെ മുഖ്യധാരയിലേക്കെത്തിച്ച കാരണങ്ങളും വീക്ഷണങ്ങളുമാണ് പുസ്‌തകം പറയുന്നത്.
കോട്ടയം സ്വദേശിയാണെങ്കിലും മുംബൈയിലാണ് ഗ്രീഷ്‌മ പഠിച്ചതും വളർന്നതും. കോളജ് പഠനത്തിനിടെയിലാണ് ഇത്തരമൊരു ദൗത്യത്തിന് അവസരം ലദിച്ചത്. സമൂഹമാധ്യമങ്ങൾ വഴിയാണ് സ്‌ത്രീകളെ കണ്ടെത്തിയതും അവരുടെ രചനകൾ ശേഖരിച്ചതും. വിദ്യാർഥികൾ, ഡോക്‌ടർമാർ, അഭിഭാഷകര്‍ തുടങ്ങി സമൂഹത്തിലെ വ്യത്യസ്‌ത തലങ്ങളിൽ പ്രവർത്തിക്കുന്നവർ ഈ രചനാശ്രേണിയിൽ അണിനിരന്നു.
പുസ്‌തക ലോകത്ത് പെൺകരുത്ത് : 'ഡെമണ്‍സ് ഓഫ് ഫേറ്റ്', ലൈറ്റ് ആന്‍ഡ് ഡാര്‍ക്', ലെറ്റേഴ്‌സ് ടു ഫ്രീഡം ഫൈറ്റേഴ്‌സ്' എന്നീ കൃതികളിലും ഗ്രീഷ്‌മയുടെ സര്‍ഗാത്‌മക സാന്നിധ്യമുണ്ട്. 'ഡെമണ്‍സ് ഓഫ് ഫേറ്റ്' എന്ന പേരിലിറങ്ങിയ സമാഹാര പുസ്‌തകത്തില്‍ അനുഭവ കുറിപ്പും, 'ലൈറ്റ് ആന്‍ഡ് ഡാര്‍ക്' സമാഹാരത്തില്‍ ലേഖനവും എഴുതി. 35 സാധാരണക്കാരായ ആളുകള്‍ രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് കത്തെഴുതുന്നതാണ് 'ലെറ്റേഴ്‌സ് ടു ഫ്രീഡം ഫൈറ്റേഴ്‌സ്'.
ഈ പുസ്‌തകത്തിന്‍റെ എഡിറ്റിങും സമാഹകരണവും ഗ്രീഷ്‌മയാണ് ചെയ്‌ത്. വിവിധ രാജ്യങ്ങളിലെ ജീവിതരീതിയും സംസ്‌കാരവും ഭാഷയും പരിചയപ്പെടുത്തുന്ന മറ്റൊരു പുസ്‌തകത്തിന്‍റെ പണിപ്പുരയിലാണ് ഇപ്പോള്‍. സ്‌ത്രീ പക്ഷ ചിന്തകൾക്ക് നിറം പകർന്ന് പുതിയ ആശയങ്ങൾ രൂപപ്പെടുത്തി, പുസ്‌തക ലോകത്ത് പെൺകരുത്തായി മാറുകയാണ് ഈ എഴുത്തുകാരി.
ALSO READ | കണിയുണ്ടെങ്കില്‍ കണിവെള്ളരിയുമുണ്ട്... കോഴിക്കോട്ടെ കണിവെള്ളരിപ്പെരുമയുടെ കഥ