കോട്ടയം:ഈരാറ്റുപേട്ട തീക്കോയി മർമല അരുവി ഭാഗത്ത് ഉരുൾപൊട്ടി. ഇവിടം ജനവാസ മേഖല അല്ലാത്തതിനാൽ ആളപായമില്ല. ഉരുൾപൊട്ടലിനെ തുടർന്ന് മീനച്ചിലാറിൽ ജലനിരപ്പ് ഉയരുകയാണ്. മലയോര മേഖലയിൽ ശക്തമായ മഴയും തുടരുന്നു.
മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ പാലാ ടൗണിലും വെള്ളം കയറുന്നു. കൊട്ടാരമറ്റം റോഡ്, ബസ് സ്റ്റാൻഡ് ഭാഗങ്ങളിലും വെള്ളം കയറി. ഈരാറ്റുപേട്ട പൂഞ്ഞാർ ഹൈവേ റോഡിൽ മൂന്നാനി, പനയ്ക്കപ്പാലം ഭാഗത്ത് വെള്ളം കയറി ഗതാഗതം പൂർണമായും സ്‌തംഭിച്ചു. പാലാ റിവർ വ്യൂ റോഡിലും വെള്ളം കയറി ഗതാഗതം നിലച്ചു. പേരൂർ, കുമരകം എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്.
വേമ്പനാട്ട് കായലിൽ കാണാതായവരെ കണ്ടെത്തി:വൈക്കം തലയാഴത്ത് നിന്ന് വേമ്പനാട്ട് കായലിൽ മത്സ്യബന്ധനത്തിന് പോയി കാണാതായവരെ കണ്ടെത്തി. തലയാഴം ശ്രീകുരുബ ക്ഷേത്രത്തിന് സമീപമുള്ള ജനാർദ്ദൻ പുതുശ്ശേരി, പ്രദീപൻ തുളസിത്തറ എന്നിവരെയാണ് തിങ്കളാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ കാണാതായത്. കായലിൽ പോള നിറഞ്ഞത് മൂലം കരയ്‌ക്കെത്താൻ കഴിയാതിരുന്ന ഇവരെ കരയ്ക്ക് എത്തിക്കുവാനുള്ള ശ്രമം ഫയർ ആൻ്റ് റസ്ക്യൂ, പൊലീസ് എന്നിവരുടെ സഹായത്തോടെ നടത്തി വരുന്നതായി വൈക്കം തഹസിൽദാർ അറിയിച്ചു.