കോട്ടയം: പട്ടിത്താനം-മണർകാട് ബൈപാസിന്‍റെ അവസാനറീച്ചിന്‍റെയും നിർമാണം പൂർത്തിയായി. ബൈപാസിന്‍റെ പറേകണ്ടം ജംഗ്ഷൻ മുതൽ പട്ടിത്താനം വരെയുള്ള അവസാനറീച്ചിന്‍റെ ടാറിങ് ഇന്നലെയാണ് (29.09.2022) പൂർത്തിയായത്. അവസാന റീച്ചിലെ 1.8 കിലോമീറ്റർ നീളം വരുന്ന റോഡിന്‍റെ ബി.എം. ആൻഡ് ബി.സി. നിലവാരത്തിലുള്ള ടാറിങാണ് ഇന്നലെ പൂർത്തീകരിച്ചത്.
റോഡിൽ മാർക്കിങ്ങുകൾ രേഖപ്പെടുത്തുന്നതടക്കമുള്ള ജോലികളാണ് ഇനി ബാക്കിയുള്ളത്. പത്ത് ദിവസത്തിനുശേഷം ഈ നടപടികളും പൂർത്തിയാക്കി നവംബർ ഒന്നിനു തന്നെ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കും. സ്ഥലം എംഎൽഎയും സഹകരണ വകുപ്പ് മന്ത്രിയുമായ വി.എൻ വാസവന്‍റെ തുടർച്ചയായ ഇടപെടലുകളെത്തുടർന്നാണ് പദ്ധതി വേഗത്തിൽ പൂർത്തീകരിച്ചത്.
കേരളപ്പിറവി ദിനത്തിൽ റോഡ് ഗതാഗതത്തിനായി തുറന്നുനൽകുമെന്ന് മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. റോഡ് തുറന്നുകൊടുക്കുന്നതോടെ കോട്ടയം, ഏറ്റുമാനൂർ, ചങ്ങനാശേരി, നഗരങ്ങളിലെ തിരക്ക് ഒഴിവാക്കി എംസി റോഡിലൂടെയുള്ള വാഹനയാത്ര സുഗമമാകും. എംസി റോഡിലെ തിരക്കൊഴിവാക്കി യാത്ര ചെയ്യാനാവുന്ന പട്ടിത്താനം-പെരുന്തുരുത്തി ബൈപാസിന്‍റെ ഭാഗമാണിത്.
എംസി റോഡിൽ പട്ടിത്താനം കവലയിൽ നിന്നാണ് ബൈപാസ് ആരംഭിക്കുന്നത്. മണർകാട്, പുതുപ്പള്ളി, തെങ്ങണ വഴിയുള്ള ബൈപാസ് തിരുവല്ലയ്ക്കു മുമ്പ് പെരുന്തുരുത്തി കവലയിൽ വച്ചാണ് എംസി റോഡുമായി വീണ്ടും സംഗമിക്കുന്നത്. മണർകാട് നിന്ന് കെകെ റോഡിലേക്കും പ്രവേശിക്കാം. ജില്ലയിലെ പ്രധാന രണ്ട് റോഡുകളിലെ തിരക്കൊഴിവാക്കി യാത്ര ചെയ്യാമെന്നതിനാൽ ജനങ്ങൾക്ക് ഏറെ സഹായകരമാണ്.
ബൈപാസ് ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതോടെ ഏറ്റുമാനൂർ അടക്കമുള്ള നഗരങ്ങളിലെ തിരക്കിന് ചെറിയ തോതിലെങ്കിലും പരിഹാരമാകുമെന്നാണ് പ്രതീക്ഷ. 13.30 കിലോമീറ്റർ നീളം വരുന്ന റോഡിന്‍റെ മണർകാട് മുതൽ പൂവത്തും മൂട് വരെയുള്ള ഒന്നാം റീച്ചിന്‍റെ നിർമാണം 2015ലും പൂവത്തുംമൂട് മുതൽ ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിലെ പറേക്കണ്ടം വരെയുള്ള രണ്ടാം ഭാഗം 2019 ലും പൂർത്തീകരിച്ചിരുന്നു. അവസാനറീച്ചായ പട്ടിത്താനം വരെയുള്ള ഭാഗത്തിനായുള്ള ഭൂമി പൂർണമായും ഉടമകൾക്കു വില നൽകി ഏറ്റെടുത്ത് പുതിയ റോഡ് നിർമിക്കുകയായിരുന്നു. 12.60 കോടി രൂപ ചെലവഴിച്ചാണ് അവസാനഘട്ട നിർമാണം പൂർത്തിയാക്കിയത്.