കോട്ടയം:ടാറിങ് പൂര്‍ത്തിയായി ആറുമാസം കഴിയുന്നതിന് മുന്നേ തകർന്ന് മണിമല - പഴയിടം തീരദേശ റോഡ്. റോഡിന്‍റെ പല ഭാഗത്തും വിള്ളലുകളുണ്ടാവുകയും റോഡ് ഇടിഞ്ഞുതാഴുകയും ചെയ്‌തിട്ടുണ്ട്. അതേസമയം റോഡിന്‍റെ തകര്‍ച്ചക്ക് കാരണം നിലവാരമില്ലാത്ത നിർമാണമാണെന്നാണ് നാട്ടുകാരുടെ പരാതി.
റോഡുണ്ട് 'സൂക്ഷിച്ച് പോവുക'; പണിതീര്‍ന്ന് ആറുമാസം തീരുന്നതിന് മുന്നേ തോടായി മണിമല - പഴയിടം തീരദേശ റോഡ് - പ്രദേശവാസി
പൊതുമരാമത്ത് വകുപ്പ് മൂന്ന് കോടി രൂപ ചെലവിട്ട് നിര്‍മിച്ച മണിമല - പഴയിടം തീരദേശ റോഡ് ടാറിങ് പൂര്‍ത്തിയായി ആറുമാസം കഴിയുന്നതിന് മുന്നേ തകര്‍ന്നു, പരാതിയുമായി പ്രദേശവാസികള്‍
മണിമല - പഴയിടം തീരദേശ റോഡിന്‍റെ പലയിടത്തും ടാറിങ് പൂർണമായും ഇളകി കിടക്കുകയാണ്. ഭാരം വഹിച്ചുകൊണ്ടുള്ള വാഹനങ്ങൾ കടന്നു പോകുന്നതിനാൽ റോഡിന്‍റെ വശങ്ങൾ തകർന്നിട്ടുണ്ട്. റോഡിന്‍റെ അശാസ്‌ത്രീയമായ നിർമാണമാണ് ഇത്രയും വേഗം റോഡ് തകരാൻ കാരണമെന്നും ആക്ഷേപമുയരുന്നുണ്ട്. മൂന്ന് കോടി രൂപ ചിലവിൽ ചെറുവള്ളി പള്ളിപ്പടി വരെ നിർമിക്കാനുദേശിച്ചിരുന്ന റോഡ് നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പഴയിടം വരെ നീട്ടുകയായിരുന്നു. മാത്രമല്ല മണിമലയിൽ നിന്ന് ചേനപ്പാടി വഴി എരുമേലിയിലെത്താൻ കഴിയുന്ന എളുപ്പവഴി കൂടിയാണിത്.
കഴിഞ്ഞ ഒക്‌ടോബറിലുണ്ടായ വെള്ളപ്പൊക്കത്തിൽ ചെറുവള്ളി പള്ളിപ്പടിയിലെ പാലം കൂടി ഒലിച്ചുപോയതോടെ മണിമല - പഴയിടം റോഡിലൂടെയുള്ള വാഹനങ്ങളുടെ ഒഴുക്ക് വര്‍ധിച്ചു. ഇതോടെയാണ് തീരദേശ റോഡിന്‍റെ നിർമാണത്തിലെ അപാകത മറനീക്കി പുറത്തുവന്നത്. റോഡിലെ വലിയ കയറ്റങ്ങളൊന്നും തന്നെ ഒഴിവാക്കാതെ പണി നടത്തിയതിനാൽ ഈ വഴിയുള്ള ബസുകളുടെ ട്രിപ്പുകള്‍ക്കും റോഡ് അനുയോജ്യമല്ലാതായി. എത്രയും വേഗം റോഡ് യാത്രാ യോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.