കോട്ടയം: ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നു. മീനച്ചിൽ, മണിമല നദികളിൽ ജലനിരപ്പ് ഉയരുകയാണ്. കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ഓഗസ്റ്റ് 1) കലക്‌ടർ അവധി പ്രഖ്യാപിച്ചു.
കോട്ടയത്ത് കനത്ത മഴ തുടരുന്നു മൂന്നിലവ് വില്ലേജിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് മൂന്നിലവ് ടൗണിലും മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഓഫിസിലുമടക്കം വെള്ളം കയറി. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിൽ ജാഗ്രത പുലർത്താൻ ജില്ല കലക്‌ടർ പി.കെ ജയശ്രീ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി.
എരുമേലി നോർത്ത് വില്ലേജിൽ വണ്ടൻപതാൽ എന്ന സ്ഥലത്ത് കഴിഞ്ഞ ദിവസം വൈകുന്നേരം പെയ്ത മഴയിൽ എട്ടോളം വീടുകളിൽ വെള്ളം കയറി. ഇവിടെനിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കുവാനുള്ള നടപടി സ്വീകരിച്ചതായി കാഞ്ഞിരപ്പള്ളി താലൂക്ക് അറിയിച്ചു. വണ്ടൻപതാൽ പാലത്തിൽ കുടുങ്ങിയ മൂന്ന് പേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ജില്ലയിൽ ഗതാഗത നിരോധനം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ മലയോര മേഖലകളിലേക്ക് രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. വൈകിട്ട് 7 മുതൽ രാവിലെ 7 വരെയാണ് കർശന ഗതാഗത നിയന്ത്രണം. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനും നിരോധനം ഏർപ്പെടുത്തി. വിനോദ സഞ്ചാര കേന്ദ്രങ്ങൾ താത്കാലികമായി അടച്ചു.
ഈരാറ്റുപേട്ട -തൊടുപുഴ റോഡിൽ ഇടമറുകിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. തീക്കോയി വാഗമൺ റോഡിൽ ഗതാഗതം നിരോധിച്ചു. കരിനിലത്ത് തോട് കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് മുണ്ടക്കയം-എരുമേലി സംസ്ഥാന പാതയിൽ ഗതാഗത തടസം. ശക്തമായ മഴയിൽ പ്രദേശത്തുണ്ടായ മലവെള്ളപാച്ചിലിലാണ് റോഡിൽ വെള്ളം കയറിയത്. പ്രദേശത്തെ നാലോളം വീടുകളിലും വെള്ളം കയറി.
കലക്‌ടർ ജാഗ്രത നിർദേശം നൽകി:മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിൽ ജാഗ്രത പുലർത്താൻ ജില്ല കലക്‌ടർ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കാനും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ എല്ലാ വകുപ്പുകൾക്കും കലക്‌ടർ നിർദേശം നൽകി.
ജില്ലയിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് കലക്‌ടർ ഡോ.പി.കെ ജയശ്രീ അറിയിച്ചു. നദികൾ, ജലാശയങ്ങൾ, തോടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കുളിക്കാനോ അലക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ ഇറങ്ങരുത്. രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്നും വാഹനങ്ങൾ വേഗത കുറച്ച് പോകണമെന്നും കലക്‌ടർ അറിയിച്ചു. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക മേഖലകളിൽ അടിയന്തര സാഹചര്യങ്ങളിൽ മൈക്ക് അനൗൺസ്മെന്‍റ് നടത്തും.
കലക്‌ടറുടെ നിർദേശത്തെ തുടർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ല-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നു. ജില്ല എമർജൻസി ഓപ്പറേഷൻസ് സെന്‍റർ-0481 2565400, 2566300, 9446562236, 9188610017. താലൂക്ക് കൺട്രോൾ റൂമുകൾ: മീനച്ചിൽ-04822 212325, ചങ്ങനാശേരി-0481 2420037, കോട്ടയം-0481 2568007, 2565007, കാഞ്ഞിരപ്പള്ളി-04828 202331, വൈക്കം-04829 231331.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ ഇന്ന്(2022 ഓഗസ്റ്റ് 1) മുതൽ ഓഗസ്റ്റ് നാല് വരെ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ജാഗ്രത പാലിക്കണമെന്ന് മാണി സി കാപ്പൻ: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ കിഴക്കൻ മേഖലയിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് മാണി സി കാപ്പൻ എംഎൽഎ. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയവയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ആളുകൾ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഏത് അടിയന്തര ഘട്ടവും നേരിടാൻ തയാറായി ഇരിക്കാൻ റവന്യൂ, ഫയർ ആൻഡ് റെസ്ക്യൂ, പൊലീസ് വിഭാഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ
- കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
- 2018, 2019, 2020, 2021 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്‌ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്നു കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവർ എന്നിവർ ജാഗ്രത പാലിക്കണം. അവിടങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളും വകുപ്പുകളും അപകട സാധ്യത മുന്നിൽ കണ്ട് തയാറെടുപ്പുകൾ പൂർത്തീകരിക്കണം.
- അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ സഹകരിക്കണം.
- അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയാറാകണം.
- സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം. മരങ്ങൾ കോതി ഒതുക്കണം. അപകടാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണം.
- ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയാറാവണം.
- ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയാറാക്കി വയ്ക്കണം. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.
- ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
- ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്‌ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്.
- മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കുക.
- കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും അപകടങ്ങൾ ഉണ്ടായേക്കാം. ജാഗ്രത വേണം.