കോട്ടയം:ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ജില്ലയിൽ 47,819 ഫയലുകൾ തീർപ്പാക്കിയതായി സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എൻ വാസവൻ. മെയ് 31ലെ കണക്കു പ്രകാരം വിവിധ വകുപ്പുകളിലായി 90,745 ഫയലുകളാണ് തീർപ്പാക്കാനുണ്ടായിരുന്നത്. ജൂലൈ 25 വരെ 52.69% ഫയലുകൾ തീർപ്പാക്കി. 42,926 ഫയലുകൾ തീർപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.
ഓഗസ്റ്റ് 31നകം 75% ഫയലുകൾ തീർപ്പാക്കുന്നതിന് ഊർജിത നടപടി സ്വീകരിക്കാൻ വകുപ്പുകൾക്ക് മന്ത്രി നിർദേശം നൽകി.
മലിനീകരണ നിയന്ത്രണ ബോർഡ്(100%), ടൂറിസം(92.64%), ജല അതോറിറ്റി(85.82%), പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം(83.33%), ജില്ല ഇൻഷുറൻസ് ഓഫിസ് (79.46%), മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസ് (79.24%), ആർ.ടി.ഒ (70.50%), മൃഗസംരക്ഷണം (67.84%), വിജിലൻസ് ആൻഡ് ആന്‍റീ കറപ്ഷൻസ് ബ്യൂറോ(65.71%), ഫിഷറീസ് (61.25%), ജില്ല ഇൻഷുറൻസ് ഓഫിസ് ഇൻഷുറൻസ് മെഡിക്കൽ സർവീസ്(58.33%), ടൗൺ പ്ലാനിങ് (54.91%), പൊലീസ്(54.47%), തദ്ദേശ സ്വയംഭരണം(53.10%), ഭക്ഷ്യ-പൊതുവിതരണം(50.01%), തൊഴിൽ (52.43%), ജി.എസ്.ടി(50.16%) എന്നിവയാണ് 50 ശതമാനത്തിനു മുകളിൽ ഫയലുകൾ തീർപ്പാക്കിയ വകുപ്പുകൾ. ഓഗസ്റ്റ് മൂന്നാംവാരം വീണ്ടും അവലോകന യോഗം ചേരുമെന്ന് മന്ത്രി പറഞ്ഞു.