കോട്ടയം: പോത്ത് ഫാമിന്‍റെ മറവിൽ എംഡിഎംഎ വില്‍പന നടത്തി വന്ന കോട്ടയം സ്വദേശിയെ എക്‌സൈസ് തന്ത്രപൂർവം പിടികൂടി. ജില്ലയിലെ പ്രധാന ഇടനിലക്കാരനായ എആര്‍ജെ ഫാം ഉടമയും തിരുവഞ്ചൂര്‍ സ്വദേശിയുമായ കായത്തില്‍ വീട്ടില്‍ ജിതിന്‍ കെ പ്രകാശ് (30) ആണ് പിടിയിലായത്. എക്‌സൈസ് വകുപ്പ് നടത്തി വരുന്ന നാർകോട്ടിക് സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്‌മെന്‍റ് ആൻഡ് ആന്‍റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്‌ടർ രാജേഷ് ജോണിന്‍റെ നേതൃത്വത്തിൽ ഉള്ള എക്‌സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്.
രണ്ട് ആഴ്‌ചയിൽ അധികമായി എക്‌സൈസ് സംഘം മഫ്‌തിയിലും എക്‌സൈസ് സൈബർ സെല്ലിന്‍റെ സഹായത്തോടെയും നടത്തിയ രഹസ്യ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പിടിയിലായത്. പോത്തിനെ വാങ്ങാൻ എന്ന വ്യാജേന ഫാമിൽ എത്തുകയും തന്ത്രപൂർവം പ്രതിയെ കീഴ്‌പ്പെടുത്തുകയും ചെയ്യുകയായിരുന്നു. പ്രതിയുടെ വസ്‌ത്രത്തിനുള്ളില്‍ നിന്നും ഫാമിലെ ഒരു മുറിയില്‍ നിന്നും ഇയാളുടെ ഹ്യുണ്ടായ് വെർണ കാറിൽ നിന്നുമായി വിപണിയിൽ ഒരു ലക്ഷത്തിലേറെ വില വരുന്ന 20.893 ഗ്രാം എംഡിഎംഎ എക്‌സൈസ് കണ്ടെത്തി.