കോട്ടയം:പാലാ ഇടപ്പാടിയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർഥിനി മരിച്ചു. വള്ളിച്ചിറ നെല്ലിയാനി തെക്കേനെല്ലിയാനിയില്‍ സുധീഷിന്‍റെ മകള്‍ വിഷ്‌ണുപ്രിയയാണ് (12) മരിച്ചത്. ഏറ്റുമാനൂർ- പൂഞ്ഞാർ സംസ്ഥാന പാതയിൽ ഇടപ്പാടി കുന്നേമുറി പാലത്തിന് സമീപം ഇന്നലെ രാത്രി 9.30ഓടെയാണ് അപകടം.
കോട്ടയത്ത് കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചു; വിദ്യാര്‍ഥിനി മരിച്ചു, 4 പേര്‍ക്ക് പരിക്ക് - കെഎസ്ആർടിസി
ഇന്നലെ രാത്രി ഏറ്റുമാനൂർ-പൂഞ്ഞാർ സംസ്ഥാന പാതയിൽ ഇടപ്പാടി കുന്നേമുറി പാലത്തിന് സമീപത്തായാണ് അപകടം നടന്നത്.
അപകടത്തില്‍ ഓട്ടോയിലുണ്ടായിരുന്ന നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ സുധീഷ് (42), ഭാര്യ അമ്പിളി (39), മകൻ കൃഷ്‌ണദേവ് (5), അമ്മ ഭാർഗവിയമ്മ (70) എന്നിവരെ ചേർപ്പുങ്കൽ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ച കുട്ടിയുടെ മൃതദേഹം ഭരണങ്ങാനം മേരിഗിരി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കയ്യൂരിലുള്ള അമ്പിളിയുടെ വീട്ടിൽ പോയി ഓട്ടോയിൽ മടങ്ങും വഴിയാണ് അപകടം നടന്നത്. പാലായിൽ നിന്ന് ഈരാറ്റുപേട്ട ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ഈരാറ്റുപേട്ട ഡിപ്പോയിലെ ബസാണ് ഓട്ടോയുമായി കൂട്ടിയിടിച്ചത്. സുധീഷായിരുന്നു ഓട്ടോ ഓടിച്ചിരുന്നത്. അപകടത്തിന് പിന്നാലെ പാലാ എസ്ഐ എംആർ അഭിലാഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയാണ് തുടര്‍ നടപടി സ്വീകരിച്ചത്.