കെവിൻ കൊലക്കേസില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച കുറ്റപത്രം കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു. കേസിലെ 14 പ്രതികള്‍ക്കെതിരെ നരഹത്യയും ഗൂഢാലോചനയടക്കം 10 വകുപ്പുകളാണ് ചുമത്തിയത്. നടന്നത് ദുരഭിമാനക്കൊലയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
മുക്കിക്കൊലയല്ല മുങ്ങിമരണമാണെന്ന പ്രതിഭാഗം വാദം ജില്ലാ അഡിഷണൽ സെഷൻസ് കോടതി തള്ളി. മനപൂര്‍വം തള്ളിയിട്ടതിന് തെളിവില്ലെന്നും കൊലപാതകക്കുറ്റം പിന്‍വലിക്കണമെന്നും പ്രതിഭാഗം വാദിച്ചു. വിചാരണക്ക് മുമ്പ് നരഹത്യാ വകുപ്പ് തള്ളണമെന്ന വാദം കോടതി അംഗീകരിച്ചില്ല. കുറ്റപത്രം വായിച്ചു കേൾപ്പിച്ചപ്പോൾ പ്രതികൾ കുറ്റം നിഷേധിച്ചു. കേസ് 20ന് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെവിൻ പി ജോസഫ് ഇതരമതവിഭാഗത്തിൽപെട്ട നീനുവിനെ വിവാഹം കഴിച്ചതോടെ ജാതി വ്യത്യാസം സംബന്ധിച്ച ദുരഭിമാനവും വിരോധവും മൂലം കൊല നടത്തിയെന്നാണ് പ്രോസിക്യൂഷൻ വാദം. നീനുവിന്‍റെ സഹോദരനും കേസിലെ ഒന്നാം പ്രതിയുമായ സാനു ചാക്കോ, രണ്ടാം പ്രതി നിയാസ്, നാലാം പ്രതി റിയാസ്, അഞ്ചാം പ്രതി നീനുവിന്റെ പിതാവ് ചാക്കോ, ഏഴാം പ്രതി ഷെഫിൻ ഷജാദ്, പത്താം പ്രതി വിഷ്ണു(അപ്പു) എന്നിവർ ഇപ്പോഴും റിമാൻഡിലാണ്.