കോട്ടയം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച കോട്ടയം മെഡിക്കൽ കോളജിന് മറ്റൊരു അഭിമാന നേട്ടം. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിൽ മെഡിക്കൽ കോളജില്‍ ഹൃദയം മാറ്റിവക്കൽ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. അതിരമ്പുഴ തെള്ളകം സ്വദേശി കെ.സി ജോസഫിന്‍റെ ഹൃദയമാണ് ഹൃദ്രോഗ ശസ്ത്രക്രിയ വിഭാഗം മേധാവി ടി.കെ ജയകുമാറിന്‍റെ നേതൃത്വത്തില്‍ മാറ്റിവച്ചത്.
ലോക്ക് ഡൗണിനിടെ അഭിമാനമായി ഹൃദയം മാറ്റിവക്കൽ ശസ്ത്രക്രിയ
കോട്ടയം മെഡിക്കല്‍ കോളജില്‍ തെള്ളകം സ്വദേശി കെ.സി ജോസഫിന്‍റെ ഹൃദയമാണ് വിജയകരമായി മാറ്റിവച്ചത്
ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കല്ലമ്പലം സ്വദേശി ശ്രീകുമാറിന്‍റെ അവയവങ്ങൾ ദാനം ചെയ്യാന്‍ ബന്ധുക്കൾ തീരുമാനിച്ചതോടെയാണ് ഹൃദയമാറ്റ ശസ്ത്രക്രിയക്ക് കളമൊരുങ്ങിയത്. ശ്രീകുമാറിന് മസ്‌തിഷ്ക മരണം സംഭവിച്ചതോടെ വെള്ളിയാഴ്ച രാത്രിയോടെയാണ് തിരുവനന്തപുരത്ത് നിന്നും ഹൃദയം ലഭിക്കാൻ സാധ്യതയുണ്ടന്ന വിവരം ലഭിക്കുന്നത്.
തുടർന്ന് പരിശോധനകൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളജിലെ ഹൃദ്രോഗ ശസ്ത്രക്രിയ വിഭാഗം മേധാവി ടി.കെ ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചു. ഇന്ന് പുലർച്ചയോടെ സംഘം ഹൃദയവുമായി തിരിച്ചെത്തി. പുലർച്ചെ തന്നെ ശ്രീകുമാറിന്‍റെ ഹൃദയം കെ.സി ജോസഫിന്‍റെ ശരീരത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്‌തു.