കേരളം

kerala

ETV Bharat / state

മാണി ഇല്ലാത്ത കേരള കോണ്‍ഗ്രസില്‍ ഇനി ആര്? - കേരള കോൺഗ്രസ്

കെ എം മാണിയുടെ മരണത്തോടെ ഒഴിഞ്ഞുകിടക്കുന്ന കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനം ലക്ഷ്യംവെച്ച് പി ജെ ജോസഫ് വിഭാഗവും മാണി വിഭാഗവും പ്രവർത്തനങ്ങൾ ആരംഭിച്ചു.

രണ്ടില ചിഹ്നം

By

Published : Apr 14, 2019, 7:49 PM IST

കേരള രാഷ്ട്രീയത്തിലെ അതികായനായ കെ എം മാണി വിടപറയുമ്പോൾ കേരള കോൺഗ്രസ് എമ്മിന്‍റെ രാഷ്ട്രീയഭാവി കൂടിയാണ് കേരളത്തിൽ ഒരിക്കൽ കൂടി ചർച്ചയാവുന്നത്. കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പകരം വയ്ക്കാനില്ലാത്ത നേതാവായിരുന്നു കെ എം മാണി. മാണിയുടെ ശൂന്യത ഏറെക്കാലം പാർട്ടിയെ പിടിച്ചുലയ്ക്കുമെന്നുറപ്പ്. പാർട്ടി ചെയർമാനായിരുന്ന മാണിക്ക് പകരമായി ഇനി ആര് എന്നതാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തെ സ്വാധീനിക്കുന്ന പ്രധാന രാഷ്ട്രീയ തീരുമാനവും ഇതുതന്നെയാവും.

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം ലക്ഷ്യമിട്ട് ജോസഫ് വിഭാഗവും മാണി വിഭാഗവും ചരടുവലികളും കരുനീക്കങ്ങളും ആരംഭിച്ചുകഴിഞ്ഞു

വൈസ് ചെയർമാനും മാണിയുടെ മകനുമായ ജോസ് കെ മാണി ആകുമോ, സീറ്റ് വിഭജനത്തിൽ അടക്കം നിറഞ്ഞുനിന്നിരുന്ന പാർട്ടി വർക്കിംഗ് ചെയർമാൻ പി ജെ ജോസഫോ കെ എം മാണിയുടെ വിശ്വസ്തനായ സി എഫ് തോമസോ ചെയർമാൻ സ്ഥാനത്തേക്ക് എത്തുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. ചെയർമാൻ സ്ഥാനത്തിനായി ശക്തമായ വാദങ്ങളും കരുനീക്കങ്ങളും പി ജെ ജോസഫ് നടത്തും എന്നത് വ്യക്തമാണ്. പി ജെ ജോസഫ് വിഭാഗം ചെയർമാൻ സ്ഥാനത്തിനായി വാദം ഉന്നയിച്ചാലും മാണിയെ അനുകൂലിക്കുന്ന മൃഗീയ ഭൂരിപക്ഷം ജോസ് കെ മാണിക്കൊപ്പം നിന്നാൽ ജോസഫിന് ചെയർമാൻ സ്ഥാനം ലഭിക്കാനിടയില്ല. രാഷ്ട്രീയഭാവി മുന്നിൽകണ്ട് ജോസ് കെ മാണി തങ്ങൾക്കവകാശപ്പെട്ട സീറ്റ് തട്ടിത്തെറിപ്പിച്ചുവെന്ന വികാരം ജോസഫ് വിഭാഗത്തിൽ ഇപ്പോഴും ശക്തമാണ്. കോട്ടയം സീറ്റ് വിവാദത്തിൽ കോൺഗ്രസിന്‍റെ അഭിപ്രായങ്ങൾ മാനിച്ചില്ലെന്ന വികാരം ജോസ് കെ മാണിയോട് ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കൾക്കുമുണ്ട്. ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള പ്രതിസന്ധിയാകും ഇനി കേരള കോൺഗ്രസിനെ ഉലയ്ക്കാൻ പോകുന്ന പ്രധാന പ്രശ്നം. ചെയർമാൻ സ്ഥാനം എന്ന ആവശ്യം തള്ളപ്പെട്ടാല്‍, കെ എം മാണിയോട് കാണിച്ചിരുന്ന വിധേയത്വം ജോസഫും കൂട്ടരും ജോസ് കെ മാണിയോട് കാണിക്കുമോയെന്നതും അതോ പാർട്ടിയിൽ വിള്ളലുണ്ടാക്കി ജോസഫ് വിഭാഗം കേരള കോൺഗ്രസിൽ നിന്നും പുറത്തേക്ക് പോകുമോ എന്നതും കണ്ടറിയേണ്ടിയിരിക്കുന്നു.

ABOUT THE AUTHOR

...view details