കോട്ടയം :സ്വന്തമായി ബോട്ടുണ്ടാക്കി കുമരകം പൊങ്ങലക്കരിക്കാരുടെ ദുരിതയാത്രയ്ക്ക് താത്കാലിക ശമനം കണ്ടെത്തിയിരിക്കുകയാണ് കപ്പടച്ചിറ ജോസ് എന്ന മരപ്പണി തൊഴിലാളി. തന്‍റെ അയല്‍വാസികള്‍ കൂടി ഉള്‍പ്പെട്ട 130 ഓളം കുടുംബങ്ങളുടെ യാത്രാദുരിതം കണ്ടാണ് ജോസ് ബോട്ടെന്ന ആഗ്രഹം സാധിച്ചെടുത്തത്. വെറും ഒരു ലക്ഷം രൂപ ചെലവിട്ടാണ് മൂന്ന് പേർക്കിരിക്കാവുന്ന യന്ത്രബോട്ട് ജോസ് നിർമിച്ചത്. അൻസിക എന്ന് പേരിട്ടിരിക്കുന്ന ഈ ബോട്ടാണ് ഇപ്പോള്‍ പ്രദേശത്തെ താരം.
ആകെയുള്ള പാലം തുരുമ്പെടുത്ത് നശിക്കാറായതോടെ പ്രദേശത്ത് യാത്രാദുരിതം കൂടുതലായിരുന്നു. മോട്ടോർ ബോട്ട് വാങ്ങാൻ ലക്ഷങ്ങൾ ചെലവ് വരുമെന്നതിനാൽ സ്വന്തമായി ബോട്ട് നിർമിക്കാമെന്ന തീരുമാനത്തിലെത്തി. ബോട്ടിന്റെ ഫ്രെയിം നിർമിക്കുന്ന ജോലി ചെയ്തിട്ടുള്ള പരിചയമായിരുന്നു കൈമുതൽ.
ആഞ്ഞിലിത്തടിയിൽ പ്ലൈവുഡ് അടിച്ച് ബോഡിയുണ്ടാക്കി. മോട്ടോറും സ്റ്റിയറിംഗും അടക്കം ഘടിപ്പിച്ചു. ഇപ്പോൾ കായലിലും തോട്ടിലും ചീറിപ്പായുകയാണ് അൻസിക. സാമ്പത്തിക ബുദ്ധിമുട്ട് ഏറെയുള്ളതിനാൽ ബോട്ട് നിർമിക്കുന്നതിനോട് വീട്ടുകാർക്ക് എതിർപ്പായിരുന്നു. പക്ഷേ, തളർന്നില്ല. നാല് മാസത്തെ പ്രയത്‌നത്തിനൊടുവിൽ സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് ജോസ്.