കോട്ടയം:മറവൻ തുരുത്ത് ഗ്രാമ പഞ്ചായത്തിലെ വാട്ടർ സ്ട്രീറ്റ് പദ്ധതിക്ക് ഇന്‍റര്‍ നാഷണല്‍ സെന്‍റര്‍ ഫോര്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസത്തിന്‍റെ അവാര്‍ഡ് നിര്‍ണയ ജൂറിയുടെ പ്രത്യേക പരാമർശം. രാജ്യാന്തര തലത്തിൽ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഇന്റർനാഷണൽ സെന്റർ ഫോർ റെസ്‌പോൺസിബിൾ ടൂറിസത്തിന്‍റെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുള്ള പുരസ്‌കാരത്തിലാണ് മറവൻ തുരുത്തിന് പ്രത്യേക പരാമർശം. വിനോദ സഞ്ചാര പ്രവർത്തനങ്ങളിലൂടെ ജലാശയങ്ങളെ സംരക്ഷിക്കാന്‍ കഴിയും എന്നതിന് ഉദാഹരണമാണ് മറവൻ തുരുത്ത് വാട്ടർ സ്ട്രീറ്റ് എന്ന് ജൂറി വ്യക്തമാക്കി.
വാട്ടർ സ്ട്രീറ്റ് എന്ന നവീന ആശയത്തിനും മാതൃകക്കും ഉത്തരവാദിത്ത ടൂറിസം മിഷന് ഗോൾഡ് അവാർഡ് ലഭിച്ചിരുന്നു. ടൂറിസം വകുപ്പ് ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ നടപ്പാക്കുന്ന സ്ട്രീറ്റ് പദ്ധതിയിൽ ഉൾപ്പെട്ട 10 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഒന്നാണ് കോട്ടയം ജില്ലയിലെ മറവൻ തുരുത്ത്. മറവൻ തുരുത്തിന്‍റെ ഗ്രാമീണ ജീവിതത്തിന്‍റെ ഭാഗമായി പിന്നീട് മാലിന്യവാഹിനികളായി മാറിപ്പോയ 18 കനാലുകളാണ് വാട്ടർ സ്ട്രീറ്റാക്കി മാറ്റിയത്.
ജനകീയ പങ്കാളിത്തത്തോടെ കനാലുകളിലെ മാലിന്യം നീക്കി ആഴം കൂട്ടി. തൊഴിലുറപ്പ് പദ്ധതിയിൽ ഉള്‍പ്പെടുത്തി ഇവ ജലഗതാഗത യോഗ്യമാക്കി. തീര സംരക്ഷണത്തിന് കയർ ഭൂവസ്ത്രം വിരിച്ചു. കണ്ടലുകൾ വച്ച് പിടിപ്പിച്ചു. പ്രദേശത്ത് വീണ്ടും മാലിന്യം നിക്ഷേപിക്കില്ലെന്ന് ഉറപ്പാക്കാൻ 40 വീടുകൾക്ക് ഒരു ക്ലസ്റ്റർ എന്ന നിലയിൽ ആർ.ടി സ്ട്രീറ്റ് ക്ലസ്റ്ററുകൾ നിലവിൽ വന്നു.
വീടുകളിൽ നിന്ന് അജൈവ മാലിന്യങ്ങൾ സംഭരിക്കാൻ ഹരിത കർമസേനയെ ചുമതലപ്പെടുത്തി. പൂച്ചെടികൾ വച്ച് പിടിപ്പിക്കുന്ന പ്രവർത്തനം തീരവാസികൾ ഏറ്റെടുത്തു. കനാലുകൾ ഏറ്റെടുത്ത് ആഴം കൂട്ടി സംരക്ഷിച്ചതും തുടർ സംരക്ഷണം ക്ലസ്റ്ററുകളെ ഏൽപ്പിച്ചതും ഈ കനാലുകളിൽ കയാക്കിങ്ങും, ശിക്കാര ബോട്ട് യാത്രയും ടൂർ പാക്കേജുകൾ ആരംഭിച്ചതും ഉത്തരവാദിത്ത ടൂറിസം ക്ലബ്ബ് ആരംഭിച്ചതും സംബന്ധിച്ച് ജൂറി പ്രത്യേക പരാമർശം നടത്തി.
ജൂറി പരാമർശത്തോടെ മറവൻ തുരത്ത് ലോക ടൂറിസം മാപ്പിൽ ഇടം നേടിയെന്ന് സ്‌ട്രീറ്റ് പദ്ധതി തയാറാക്കിയ ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോ ഓർഡിനേറ്റർ കെ.രൂപേഷ് കുമാർ പറഞ്ഞു. ജനകീയ മുന്നേറ്റത്തിലൂടെ ടൂറിസം ഭൂപടത്തിലേക്ക് മറവൻ തുരുത്തിനെ എത്തിക്കാന്‍ സാധിച്ചെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. രമ പറഞ്ഞു. സെപ്റ്റംബർ ഏഴിന് ഭോപ്പാലിൽ നടന്ന ചടങ്ങിൽ കേരളത്തിന് ലഭിച്ച 4 ഗോൾഡ് അവാർഡുകൾ സംസ്ഥാന സർക്കാരിന് വേണ്ടി ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ മധ്യപ്രദേശ് ടൂറിസം വകുപ്പ് മന്ത്രി ഉഷാ ടാക്കൂറിൽ നിന്ന് ഏറ്റുവാങ്ങി.