കോട്ടയം :Railway Job Offer Fraud: റെയില്‍വേയില്‍ ജോലി വാഗ്‌ദാനം നല്‍കി നൂറുകണക്കിന് ആളുകളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത അന്തര്‍ സംസ്ഥാന കുറ്റവാളി അറസ്‌റ്റില്‍. റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ആണെന്ന് പരിചയപ്പെടുത്തി ആളുകളില്‍ നിന്നും റെയില്‍വേയില്‍ ടിക്കറ്റ് ക്ലാര്‍ക്ക് , ലോക്കോ പൈലറ്റ്, അസിസ്‌റ്റന്‍റ് സ്‌റ്റേഷന്‍ മാസ്‌റ്റര്‍ തുടങ്ങിയ ജോലികള്‍ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കാസര്‍കോട് കാഞ്ഞങ്ങാട് കമ്മാടം കുളത്തിങ്കല്‍ വീട്ടില്‍ ഷമീം പി (33) ആണ് അറസ്‌റ്റിലായത്.
Inter State Criminal Arrested: ഷമീം പുഴക്കര, ഷാനു ഷാന്‍ എന്നീ അപര നാമങ്ങള്‍ ഉപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പിനിരയായവരില്‍ ചിലര്‍ കഴിഞ്ഞ ദിവസം കോട്ടയം ഡി.വൈ.എസ്.പി ജെ സന്തോഷ് കുമാറിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ ഐ.പി.എസിന്‍റെ നിര്‍ദേശമനുസരിച്ച് സബ് ഇന്‍സ്‌പെക്‌ടര്‍മാരായ കെ ആര്‍ പ്രസാദ്, ഷിബുക്കുട്ടന്‍ വി എസ്, അസിസ്‌റ്റന്‍റ് സബ് ഇന്‍സ്‌പെക്‌ടര്‍ അരുണ്‍ കുമാര്‍ കെ ആര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ രാധാകൃഷ്‌ണന്‍ കെ.എന്‍, സിപിഒ ശ്രാവണ്‍ കെ ആര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
കയ്യില്‍ ഒറിജിനലിനെ വെല്ലുന്ന സര്‍ട്ടിഫിക്കറ്റുകളും ഐഡി കാര്‍ഡുകളും
തിരുവനന്തപുരത്ത് ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ ബെംഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ തയാറെടുക്കുന്നതിനിടെയാണ് പൊലീസിന്‍റെ പിടിയിലാകുന്നത്. റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡിന്‍റെ ഒഎംആര്‍ ഷീറ്റുകള്‍, മെഡിക്കല്‍ പരിശോധന സര്‍ട്ടിഫിക്കറ്റുകള്‍, വിവിധ സീലുകള്‍, നിയമന ഉത്തരവുകള്‍, സ്ഥലം മാറ്റ ഉത്തരവുകള്‍ എന്നിവ ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ വ്യാജമായി ഉണ്ടാക്കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് ചീഫ് എക്‌സാമിനര്‍, ചീഫ് ഇന്‍സ്‌പെക്‌ടര്‍ തുടങ്ങിയ പദവികള്‍ ഉള്ള സ്വന്തം ഫോട്ടോ ഒട്ടിച്ച ഐഡന്‍റിറ്റി കാര്‍ഡുകളും വ്യാജമായി നിര്‍മ്മിച്ച് ഉപയോഗിച്ചുവരികയായിരുന്നു.