കോട്ടയം : കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ആരംഭിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയും അതിന്‍റെ തുടർച്ചയായി ആരംഭിച്ച വിദ്യാകിരണം പദ്ധതിയിലൂടെയും മൂവായിരത്തിലധികം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികളാണ് നടത്തിയതെന്ന് മന്ത്രി വി ശിവൻകുട്ടി. ഇടനാട് സർക്കാർ എൽ പി സ്‌കൂളിന്‍റെ പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കിഫ്ബി വഴി 2500 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളും പ്ലാൻ ഫണ്ട് വഴി 600 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളും നടപ്പാക്കി.
ഇത്തരം വികസന പ്രവർത്തനങ്ങളുടെയും മഹാമാരിക്കാലത്ത് വിദ്യാഭ്യാസ വകുപ്പും അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഒന്നിച്ച് പ്രവർത്തിച്ചതിന്‍റെയും അംഗീകാരമായാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ദേശീയ മികവ് സൂചികയിൽ കേരളം ഒന്നാമതെത്തിയത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യപൂർണമായ ഭാവിക്കുമാണ് സർക്കാർ മുൻതൂക്കം നൽകുന്നത്. ഇതിനായി അധ്യാപകരും രക്ഷിതാക്കളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.