കോട്ടയം:തിരുവാർപ്പിൽ ബസിനു മുന്നിൽ സിഐടിയു കൊടി കുത്തിയതിനെ തുടർന്ന് ഉടമ സമരം നടത്തിയ സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. കോട്ടയം ജില്ല പൊലീസ് സൂപ്രണ്ടും കുമരകം സർക്കിൾ ഇൻസ്പെക്‌ടറും നേരിട്ട് ഹാജരായി മറുപടി നൽകാൻ കോടതി നിർദേശം നൽകി. ജസ്‌റ്റിസ് എൻ നഗരേഷിന്‍റേതാണ് നടപടി.
കേസ് ജൂലൈ 10ന് വീണ്ടും പരിഗണിക്കും. ഇക്കഴിഞ്ഞ 17 നാണ് തിരുവാർപ്പ് വെട്ടിക്കുളങ്ങര ബസ് ഉടമ രാജ് മോഹൻ സിഐടിയു കൊടികുത്തിയ തന്‍റെ ബസിനു മുന്നിൽ പ്രതിഷേധ സൂചകമായി ലോട്ടറി കച്ചവടം തുടങ്ങിയത്. അനിശ്ചിതകാല തൊഴിലാളി സമരമായിരുന്നു കാരണം. ബസ് സർവീസിന് ഒരു മാസത്തേക്ക് സംരക്ഷണമൊരുക്കാൻ രാജ് മോഹൻ നൽകിയ ഹർജിയിൽ ഹൈക്കോടതി പൊലീസിന് നിർദേശം നൽകിയിരുന്നു.
അതിനിടെ ജില്ല ലേബർ ഓഫിസറുടെ നേത്യത്വത്തിൽ ചർച്ച നടത്തി തൊഴിലാളി പ്രശ്‌നം പരിഹരിച്ചു.
റൊട്ടേഷൻ വ്യവസ്ഥയിൽ നാല് റൂട്ടുകളിലെയും ബസുകളിൽ തൊഴിലാളികൾക്ക് ജോലി ചെയ്യാമെന്ന തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു സമരം അവസാനിപ്പിച്ചത്. എന്നാൽ, തൊഴിലാളികളുടെ കൂലിത്തർക്കത്തിൽ ബസുടമയ്ക്ക് നേരെയുണ്ടായ അക്രമവും മറ്റും പൊതു ഇടങ്ങളിൽ വ്യാപക ചർച്ചക്ക് വഴി വച്ചു.
വരവേൽപ്പ് സിനിമയ്ക്ക് സമാനമായ സാഹചര്യമാണ് കേരളത്തിൽ വ്യവസായികൾക്ക് നേരിടേണ്ടി വരുന്നതെന്നായിരുന്നു പ്രതിപക്ഷ ആരോപണം.
പ്രൈവറ്റ് ബസ് ജീവനക്കാരുടെ സംഘര്‍ഷങ്ങള്‍ പതിവാകുന്നു: അതേസമയം, തൊടുപുഴ മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്‌റ്റാൻഡിൽ ബസ് ജീവനക്കാരുടെ അടിപിടിയും പരാക്രമവും പതിവാകുന്നു എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ബസ് സമയക്രമം പാലിച്ചില്ല എന്ന കാരണങ്ങള്‍ പറഞ്ഞ് യാത്രക്കാരുടെ മുന്നിൽവച്ച് ബസ് ജീവനക്കാരുടെ പരസ്‌പരമുള്ള കലഹം ഒരു സ്ഥിരം കാഴ്‌ചയാണ്. ഇതുമൂലം സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള സാധാരണ യാത്രക്കാരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്.