കോട്ടയം:ജില്ലയിൽ കനത്ത മഴ നാശം വിതയ്ക്കുന്നു. ശക്തമായ കാറ്റിലും മഴയിലും പനച്ചിക്കാട് പഞ്ചായത്തിൽ വ്യാപക നാശനഷ്‌ടം. വീടുകൾക്കും വാഹനങ്ങൾക്കും മുകളിലേക്ക് മരംവീണു. പലയിടത്തും വൈദ്യുതി പോസ്റ്റുകളും തകർന്നു വീണു.
കോട്ടയത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്‌ടം കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് പെയ്‌ത മഴയിലും കാറ്റിലും പഞ്ചായത്തിലെ 15, 35 വാർഡുകളിൽ വ്യാപക നാശനഷ്‌ടമുണ്ടായി. പരുത്തുംപാറ കവല, ഞാലിയാകുഴി നെല്ലിക്കൽ ഭാഗം, പന്നിമറ്റം ബുക്കാന റോഡ് എന്നിവിടങ്ങളിൽ മരം കടപുഴകി വീണ് ഗതാഗത തടസമുണ്ടായി. സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽ നിന്ന മരങ്ങളാണ് കടപുഴകി വീണത്.
പരുത്തുംപാറ കവലയിൽ ഷാപ്പുകുന്നിൽ റോഡിലേക്കും കാറിന്‍റെ മുകളിലേക്കും മരംവീണു. പലയിടങ്ങളിലും വൈദ്യുതി ലൈനുകളും, കേബിൾ ടി.വി ലൈനുകളും തകർന്നു. രണ്ട് മണിക്കൂറോളം റോഡിൽ ഗതാഗത തടസം നേരിട്ടു. കോട്ടയം അഗ്നിശമന സേനാംഗങ്ങളും കെ.എസ്.ഇ.ബി ജീവനക്കാരും സ്ഥലത്തെത്തി മരങ്ങൾ വെട്ടിമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ചങ്ങനാശ്ശേരി താലൂക്കിൽ മുളന്താനത്തുകുഴി ഭാഗത്ത് ശക്തമായ കാറ്റിൽ അഞ്ച് വീടുകൾ ഭാഗികമായി തകർന്നു. പി.ആർ ചിന്നപ്പൻ തടത്തിൽ, രാജു മുളന്താനത്തുകുഴി, തങ്കപ്പൻ കെ.എസ്, കാവുങ്കൽ ജേക്കബ് ജോൺ, കാരയ്ക്കാട്ട് കുന്നേൽ മനോജ് എന്നിവരുടെ വീടുകളാണ് തകർന്നത്. പാലാ തിടനാട് ഷെഡിനു മുകളിലേക്ക് മരം വീണ് മൂന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു.