കോട്ടയം : ഈരാറ്റുപേട്ടയിലെ പി സി.ജോര്‍ജിന്‍റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. കൊച്ചിയില്‍ നിന്നുള്ള അന്വേഷണസംഘമാണ് പരിശോധന നടത്തിയത്. മതവിദ്വേഷ പ്രസംഗത്തിനെതിരായ കേസില്‍ പി സി.ജോര്‍ജിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് നടപടി.
അന്വേഷണസംഘം എത്തിയപ്പോള്‍ പി സി.ജോര്‍ജ് വീട്ടില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിനായുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. ഈരാറ്റുപേട്ടയിലെ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
പി സി.ജോര്‍ജിന്‍റെ വീട്ടില്‍ പൊലീസ് പരിശോധന Also read:വെണ്ണല വിദ്വേഷ പ്രസംഗം: പി.സി ജോർജിന് തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി
അദ്ദേഹം പുറത്തേക്ക് പോയ സമയം ഉള്‍പ്പടെ പൊലീസ് പരിശോധിക്കുന്നുണ്ട്. പി സി. ജോര്‍ജിന്‍റെ സഹോദരന്‍റെ വീട്ടിലെത്തിയും അന്വേഷണസംഘം തിരച്ചില്‍ നടത്തിയിരുന്നു. പൂഞ്ഞാര്‍ മുന്‍ എംഎല്‍എയെ വിദ്വേഷ പ്രസംഗ കേസില്‍ ഉടന്‍ അറസ്‌റ്റ് ചെയ്യില്ലെന്നാണ് പൊലീസ് നേരത്തേ അറിയിച്ചിരുന്നത്.
എറണാകുളം ജില്ല സെഷന്‍സ് കോടതിയാണ് പി സി ജോര്‍ജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ഈ സാഹചര്യത്തില്‍ പാലാരിവട്ടം പൊലീസിന് ഇനി അദ്ദേഹത്തെ കസ്‌റ്റഡിയിലെടുക്കാന്‍ കഴിയും. വെണ്ണലയില്‍ ഒരു ക്ഷേത്രത്തില്‍ നടന്ന പരിപാടിക്കിടെയാണ് പി സി ജോര്‍ജ് വിദ്വേഷ പരാമര്‍ശം ഉന്നയിച്ചത്.