കോഴി വളര്‍ത്തി ആറാം ക്ലാസുകാരി കോട്ടയം: കോഴി വളർത്തലിൽ വ്യാപൃതയായി വരുമാനം നേടുന്ന ഒരു കൊച്ചു മിടുക്കിയെ ഈ വനിത ദിനത്തിൽ പരിചയപ്പെടാം. കോട്ടയം കുമ്മനം പുള്ളോം കേരിയിൽ ഫാത്തിമ ഹബീബാണ് കോഴി വളർത്തലിൽ സജീവമായിരിക്കുന്നത്. കോട്ടയം മൗണ്ട് കാർമൽ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് ഫാത്തിമ.
നേരം പുലരുമ്പോൾ ഫാത്തിമയുടെ ജോലികൾ ആരംഭിക്കുo. വീടിനോട് ചേർന്നുള്ള കൊച്ചു ഫാമിലെ നാടൻ കോഴികളുടെ പരിപാലനം ഫാത്തിമയാണ് നോക്കി നടത്തുന്നത്. രാവിലെ എഴുന്നേറ്റാല്‍ ഉടൻ കൂട് തുറന്ന് കോഴികളെ പുറത്ത് വിടും. പിന്നെ ഇവയ്ക്ക് ഒപ്പം അൽപ സമയം ചെലവഴിക്കുന്നതാണ് ഫാത്തിമയുടെ സന്തോഷം.
പിന്നീട് ഇവയ്ക്ക് തീറ്റ നൽകിയും കൊഞ്ചിച്ചും അല്‍പ സമയം പിന്നാലെ നടക്കും. അതിനു ശേഷമാണ് സ്‌കൂളിൽ പോകുന്നത്. വൈകുന്നേരം സ്‌കൂൾ വിട്ടു വന്നാല്‍ ഉടൻ വീണ്ടും കോഴികള്‍ക്ക് പിന്നാലെയാണ് ഫാത്തിമ. കോഴികളുടെ മുട്ട ശേഖരിച്ചും തീറ്റ നല്‍കിയും ഫാത്തിമ അല്‍പം തിരക്കിലാകും. കോഴികളെ തിരികെ ഫാമില്‍ കയറ്റുന്നതു വരെ ഫാത്തിമയ്‌ക്ക് വിശ്രമം ഇല്ല.
ആറു കോഴികളുമായിട്ടാണ് ഫാത്തിമ തന്‍റെ നാടൻ കോഴി വളർത്തൽ ആരംഭിച്ചത്. ഇപ്പോൾ നൂറില്‍ അധികം കോഴികളുണ്ട് ഈ കൊച്ചു മിടുക്കിയുടെ ഫാമില്‍. ഇവയ്ക്ക് തീറ്റ നൽകുന്നതുള്‍പ്പെടെ ഉള്ള മുഴുവന്‍ കാര്യങ്ങളും താന്‍ തന്നെ ചെയ്യുന്നതാണ് ഫാത്തിമയ്‌ക്ക് ഇഷ്‌ടം.
അടുത്തുള്ള കടകളിൽ നിന്ന് ബാക്കി വരുന്ന പച്ചക്കറി ശേഖരിച്ച് അത് അരിഞ്ഞ് തീറ്റയായി നൽകും. ഇത് കൂടാതെ ഇലകളും പുല്ലുമാണ് ഫാത്തിമയുടെ കോഴികള്‍ക്കുള്ള ഭക്ഷണം. ഫാം ആരംഭിക്കാനായി തീരുമാനിച്ചപ്പോള്‍ നാടന്‍ കോഴികളെ കിട്ടാനാണ് ഇവര്‍ ഏറെ ബുദ്ധിമുട്ടിയത്.
നാടന്‍ കോഴിമുട്ട വില്‍പനയിലൂടെ വരുമാനം:ഗ്രാമശ്രീ ഇനത്തില്‍ പെട്ട കോഴികളെ ആയിരുന്നു ആദ്യം വളർത്തിയത്. എന്നാൽ കോഴിത്തീറ്റയുടെ വില കൂടിയതിനാൽ നാടൻ കോഴി വളർത്തലിലേക്ക് മാറി. അടവച്ചു നാടൻ കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ച് വിൽക്കുന്നതാണ് പ്രധാന വരുമാനം. 21 ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങൾക്ക് 65 മുതൽ 70 രൂപവരെ കിട്ടും.
കൂടുതൽ മുട്ട വിരിയിച്ചെടുക്കേണ്ടി വരുമ്പോൾ കുറിച്ചിയിലെ ഹാച്ചറിയിൽ കൊടുത്താണ് വിരിയിക്കുന്നത്. മുട്ടയുടെ വിൽപനയും ഇതിനൊപ്പം നടത്തുന്നുണ്ട്. മുട്ടയിയല്‍ അവസാനിച്ച കോഴികളെ ഇറച്ചിക്കോഴിയായും വിൽക്കുന്നുണ്ട്. ഫാത്തിമയുടെ പ്രയത്നത്തിലൂടെ കുടുംബത്തിന് മികച്ച വരുമാനം നേടാനാകുന്നുണ്ട് എന്നാണ് മാതാപിതാക്കള്‍ പറയുന്നത്.
സഹായിക്കാന്‍ അനുജത്തി:ഫാത്തിമയ്‌ക്കൊപ്പം മൂന്നാം ക്ലാസുകാരിയായ അനുജത്തി നജ്‌മയും ജോലികളിൽ ഒപ്പം കൂടാറുണ്ട്. വളർത്തു മ്യഗങ്ങളെയും പക്ഷികളെയും ഇഷ്‌ടപ്പെടുന്ന ഫാത്തിമയ്ക്ക് മീൻ വളർത്തലും ഇഷ്‌ടമാണ്. പ്രളയം വന്നതോടെ മീൻ വളർത്തൽ നിന്നു പോയി. അതിനു മുൻപ് പടുതാകുളത്തിൽ മീൻ വളർത്തിയിരുന്നു.
വലുതാകുമ്പോൾ സ്വയം തൊഴിലായി ഈ പ്രവർത്തനങ്ങൾ മാറ്റാനും ഫാത്തിമയ്ക്ക് താത്‌പര്യമുണ്ട്. ഇതിനെല്ലാം പുറമെ പഠനത്തിൽ മിടുക്കിയാണ് ഫാത്തിമ. പഠിച്ച് വലിയ ഒരു ജോലി നേടണമെന്ന ആഗ്രഹവും ഉണ്ട്. എം ആർ എഫ് ജീവനക്കാരനായ ഹബീബിന്‍റെയും സാബിറയുടെയും മൂന്ന് മക്കളില്‍ മൂത്തയാളാണ് ഫാത്തിമ. അനുജത്തി നജ്‌മയെ കൂടാതെ മൂന്ന് വയസുള്ള ഒരനിയനുമുണ്ട് ഫാത്തിമയ്‌ക്ക്.