കോട്ടയം: വീട്ടിൽ ചാരായം വാറ്റുന്നുവെന്ന പരാതിയെ തുടർന്ന് കുറവിലങ്ങാട് എക്സൈസ് നടത്തിയ പരിശോധനയിൽ അടുക്കളയിൽ കുക്കറിൽ വാറ്റ് ഉണ്ടാക്കിയ ആളെ കണ്ടെത്തി. കാണക്കാരി കണ്ടംചിറ എബിൻ ബേബി ആണ് വീട്ടിൽ ചാരായം വാറ്റിയത്. എന്നാൽ എക്സൈസ് വീട് വളഞ്ഞപ്പോൾ എബിൻ മതില് ചാടി രക്ഷപെട്ടു.
എക്സൈസ് സംഘം പുറകെ ഓടിയെങ്കിലും പിടികൂടാനായില്ല. തലനാരിഴക്കാണ് എബിൻ ഓടി രക്ഷപെട്ടത്. പ്രതിയെ പിടികൂടുന്നതിനായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണെന്ന് എക്സൈസ് ഇൻസ്പെക്ടർ അബ്ദുൾ അഷ്റഫ് പറഞ്ഞു.
ഇയാളുടെ വീട് പരിശോധിച്ചപ്പോൾ അടുക്കളയിൽ കുക്കർ ഉപയോഗിച്ച് വാറ്റിയ രണ്ട് ലിറ്റർ ചാരായം കണ്ടെടുത്തു. എബിന്‍റെ വീട് കേന്ദ്രമാക്കി സാമൂഹിക വിരുദ്ധർ കൂട്ടം കൂടുന്നതായും ചാരായം വാറ്റുന്നതിന് പൈനാപ്പിൾ മോഷ്ടിച്ച് കൊണ്ടുപോകുന്നതായും പരാതി ഉയർന്നിരുന്നു. കുറവിലങ്ങാട് എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ എക്സൈസ് സംഘം വിവര ശേഖരണം നടത്തിവരുകയായിരുന്നു.