കോട്ടയം: പി.സി.ജോര്‍ജ് എംഎല്‍എയെ ഒഴിവാക്കി ഈരാറ്റുപേട്ട നഗരസഭ ലൈഫ് മിഷന്‍ കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചത് വിവാദത്തില്‍. ലൈഫ് കുടുംബസംഗമങ്ങളില്‍ സ്ഥലം എംഎല്‍എമാര്‍ ഉദ്ഘാടകനാകണമെന്നായിരുന്നു സര്‍ക്കാര്‍ സര്‍ക്കുലര്‍. എന്നാൽ നഗരസഭാധ്യക്ഷന്‍ വി.എം.സിറാജിനെ ഉദ്ഘാടകനായും വൈസ് ചെയര്‍പേഴ്‌സനെ അധ്യക്ഷയായും നിശ്ചയിച്ചാണ് നോട്ടീസ് പുറത്തിറക്കിയത്.
എംഎൽഎയെ മാറ്റിനിര്‍ത്തി ഈരാറ്റുപേട്ട നഗരസഭ സംഘടിപ്പിച്ച ലൈഫ്‌മിഷന്‍ കുടുംബസംഗമം വിവാദത്തിൽ - ഈരാറ്റുപേട്ട നഗരസഭ
പി.സി.ജോര്‍ജിന്‍റെ പരാതിയെ തുടര്‍ന്ന് പരിപാടി മാറ്റിവെക്കാന്‍ ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദേശം
തന്നെ ഉള്‍പ്പെടുത്താത്ത പരിപാടി റദ്ദാക്കണമെന്ന് ചൊവ്വാഴ്‌ച രാവിലെ പി.സി ജോര്‍ജ് ജില്ലാ കലക്‌ടറോട് ആവശ്യപ്പെട്ടിരുന്നു. പരിപാടി മാറ്റിവെക്കണമെന്ന് നഗരസഭാ ചെയര്‍മാനോട് ലൈഫ് മിഷന്‍ കോര്‍ഡിനേറ്ററും ആവശ്യപ്പെട്ടു. എന്നാല്‍ പരിപാടിയുടെ രജിസ്‌ട്രേഷന്‍ വരെ പൂര്‍ത്തിയായെന്നും മാറ്റിവെക്കുക പ്രായോഗികമല്ലെന്നുമായിരുന്നു ചെയര്‍മാന്‍ അറിയിച്ചത്.
705 വീടുകളാണ് നഗരസഭയുടെ പദ്ധതിയിലുണ്ടായിരുന്നത്. രണ്ട് ലക്ഷം രൂപ നഗരസഭാ വിഹിതമാണ്. പദ്ധതിക്ക് 14.63 കോടി രൂപ സംഘടിപ്പിച്ച നല്‍കിയത് താനാണെന്നും തന്നെ ഒഴിവാക്കിയത് മോശം നടപടിയാണെന്നും എംഎല്‍എ ആരോപിച്ചു. പരിപാടിയുടെ ഉദ്ഘാടകനായി എംഎല്‍എയെ നിശ്ചയിരുന്നെങ്കിലും ഭൂരിഭാഗം കൗണ്‍സിലര്‍മാരും എതിര്‍ത്തതോടെ ഒഴിവാക്കുകയായിരുന്നുവെന്നാണ് ചെയര്‍മാന്‍റെ വിശദീകരണം. കുടുംബസംഗമത്തിനായി രണ്ട് ലക്ഷം രൂപ തനത് ഫണ്ടില്‍ നിന്നും വിനിയോഗിക്കാമെങ്കിലും പരിപാടി റദ്ദാക്കിയതായി അറിയിപ്പ് വന്നതോടെ ചെലവ് ഫണ്ടില്‍ നിന്നും നിന്നും ഈടാക്കാനാകില്ല. പി.സി ജോര്‍ജിന്‍റെ മുസ്ലീം വിരുദ്ധ പരാമര്‍ശത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധമാണ് പരിപാടിയില്‍ നിന്നും ഒഴിവാക്കാന്‍ കാരണമെന്നാണ് സൂചന.