കോട്ടയം; കെഎം മാണിയുടെ നിര്യാണത്തോടെ കേരളകോൺഗ്രസിന്‍റെ ചെയർമാൻ സ്ഥാനം ആർക്കാകും എന്ന കാര്യത്തില്‍ വലിയ തർക്കം രൂപപ്പെട്ടിരുന്നു. ജോസ് കെ മാണിയും പിജെ ജോസഫും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നതോടെ പാർട്ടി പിളരുമെന്ന അവസ്ഥയിലെത്തി. എന്നാല്‍ സംസ്ഥാന സമിതിയുടെ പിന്തുണയുടെ പിൻബലത്തില്‍ ജോസഫിനെ മറികടക്കാനും പാർട്ടിയില്‍ ഒരു പരിധിവരെ ശക്തനാകാനും ജോസ് കെ മാണിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം കോടതിയിലെത്തിയതോടെ കാര്യങ്ങൾ പിന്നെയും കുഴഞ്ഞുമറിഞ്ഞു. അതിനിടെയിലാണ് പാലായില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സ്ഥാനാർഥി നിർണയം മുതല്‍ ജോസ് കെ മാണിക്ക് ബദലായി വിമത സ്വരമാണ് ജോസഫ് ഉയർത്തിയത്.
നിഷ ജോസ് കെമാണിയെ സ്ഥാനാർഥിയാക്കാനുള്ള നീക്കം വെട്ടിയൊതുക്കിയ ജോസഫ് ഏറ്റവും ഒടുവില്‍ പാർട്ടി ചിഹ്നത്തിലും കൈവെച്ചു. കേരള കോൺഗ്രസിന്‍റെ രണ്ടില ചിഹ്നത്തില്‍ മത്സരിക്കാൻ ജോസ് കെമാണിയുടെ സ്ഥാനാർഥിയാ ജോസ് ടോമിന് കഴിയില്ലെന്ന് ഉറപ്പായതോടെ ജോസഫ് പാർട്ടിയില്‍ രാഷ്ട്രീയ വിജയം സ്വന്തമാക്കി.
ജോസ് ടോം കേരളാ കോൺഗ്രസ് സ്ഥാനാർഥിയല്ലെന്ന ജോസഫ് പക്ഷത്തിന്‍റെ വാദം തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചതോടെയാണ് രണ്ടില ചിഹ്നമില്ലാതെ കേരള കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കാനുള്ള സാധ്യത സൃഷ്ടിക്കപ്പെട്ടത്. പാലായില്‍ സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷനെ പോലും ജോസഫ് സ്വന്തം നിലപാടിലെത്തിച്ചത്. നിയമ വഴിയിലൂടെ നടത്തിയ ആലോചനകൾ പത്രികയുടെ സൂക്ഷ്മ പരിശോധനക്കിടയിലുണ്ടായ വാദങ്ങളിൽ ഫലം കണ്ടു. ഇതോടെ ഔദ്യോഗിക പക്ഷമായി ജോസഫ് വിഭാഗത്തെ അംഗീകരിക്കേണ്ട സാഹചര്യവുമുണ്ടായി.