കോട്ടയത്ത് വൻ കഞ്ചാവ് വേട്ട - നാര്‍കോട്ടിക് സെല്‍
അമ്പതുലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു.
കോട്ടയം: ജില്ലയില്‍ പൊലീസിന്‍റെ നേതൃത്വത്തിൽ നടന്ന കഞ്ചാവ് വേട്ടയിൽ അമ്പതുലക്ഷം രൂപ വിലവരുന്ന ലഹരി വസ്തുക്കൾ പിടികൂടി. കാഞ്ഞിരപ്പള്ളിയിലും ചിങ്ങവനത്തുമായി നടന്ന വ്യത്യസ്ത സംഭവങ്ങളില്‍ നാല് പേർ പിടിയിലായി. കഞ്ചാവ് കടത്താനുപയോഗിച്ച കാറും പിടിച്ചെടുത്തു.
തെരഞ്ഞെടുപ്പിന് ശേഷം കോട്ടയം ജില്ലയില്‍ ജില്ലാ പൊലീസ് മേധാവി ഡി ശില്പയുടെ നിര്‍ദ്ദേശ പ്രകാരം നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്‌പി ബി. അനില്‍ കുമാറിന്‍റെ നേതൃത്വത്തില്‍ ശക്തമായ പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ജില്ലയുടെ കിഴക്കന്‍ മേഖലയായ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗങ്ങളിലും ചിങ്ങവനം, ചങ്ങനാശ്ശേരി ഭാഗങ്ങളിലും കഞ്ചാവ് എത്തുന്നതായി വിവരം ലഭിച്ചത്. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.