കോട്ടയം: ഓണക്കിറ്റ് വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. പറഞ്ഞിരിക്കുന്ന സമയത്തിന് മുൻപ് തന്നെ കിറ്റ് വിതരണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 27 ലക്ഷം കാർഡ് ഉടമകൾ കിറ്റ് വാങ്ങിക്കഴിഞ്ഞു.
ഓണക്കിറ്റ് വിതരണം; ആശങ്ക വേണ്ടെന്ന് ഭക്ഷ്യമന്ത്രി കിറ്റ് വിതരണം തകരാറിലായി എന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ഇ പോസ് മെഷീൻ തകരാർ ഒറ്റപ്പെട്ട സംഭവമാണ്. അത് കാണിച്ച് സംസ്ഥാനത്താകെ വിതരണം മുടങ്ങി എന്ന പ്രചരണം ശരിയല്ല.
ഏറ്റവും അധികം പേർ കിറ്റ് വാങ്ങുന്നത് ഈ വർഷമാണ് എന്നും മന്ത്രി പറഞ്ഞു. ഓണക്കാലത്ത് കൃത്രിമമായ വിലക്കയറ്റം ഉണ്ടാക്കാൻ അനുവദിക്കില്ല. ഭക്ഷ്യ വകുപ്പ് ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുന്നുണ്ട് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിനുള്ള റേഷൻ വിഹിതം നൽകുന്നതിൽ കേന്ദ്ര ഗവൺമെന്‍റ് മോശമായ സമീപനമാണ് എടുക്കുന്നത്. കത്ത് നൽകിയിട്ടും നേരിട്ടു പോയിട്ടും കേന്ദ്രം തീരുമാനം മാറ്റിയില്ല എന്നും മന്ത്രി കുറ്റപ്പെടുത്തി.