കോട്ടയം: പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലും നീർച്ചാലുകളുടെ ഡിജിറ്റൽ മാപ്പിങ്- മാപ്പത്തോൺ പൂർത്തിയായി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് ഈ നേട്ടം കൈവരിക്കുന്നത്. അകലക്കുന്നം, എലിക്കുളം, കൂരോപ്പട, പള്ളിക്കത്തോട്, പാമ്പാടി, മീനടം, കിടങ്ങൂർ, മണർകാട് എന്നിങ്ങനെ എട്ട് ഗ്രാമ പഞ്ചായത്തുകളിലാണ് പദ്ധതി പൂർത്തിയായത്.
പ്രധാനമായും പന്നഗം നീർത്തോടിന് സമീപം ഉറവ പോലുള്ള ചെറിയ നീർച്ചാലുകൾ മുതൽ വലിയ തോടുകൾ വരെയുള്ള ജലസ്രോതസുകളുടെ ഡിജിറ്റൽ മാപ്പാണ് തയാറാക്കിയിട്ടുള്ളത്. പാമ്പാടിയിൽ 174.30 കിലോമീറ്റർ നീർച്ചാലുകളാണ് പൊതു ജനപങ്കാളിത്തതോടെ ഡിജിറ്റൽ മാപ്പിങ്ങിന് വിധേയമാക്കിയത്.
പാമ്പാടി മാപ്പത്തോൺ ഇങ്ങനെ: സംസ്ഥാന വിവര സാങ്കേതിക വകുപ്പ് രൂപം കൊടുത്ത ജനകീയ മാപ്പിങ് പദ്ധതിയിൽ രണ്ടുമീറ്റർ വരെ സ്‌പഷ്‌ടതയുള്ള ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ നിർമിക്കുന്ന ഡിജിറ്റൽ ഭൂപടങ്ങൾ ഉപയോഗിച്ച് ജനങ്ങൾക്ക് അവിടെയുള്ള ജലസ്രോതസുകളുടെ ചെറിയ സവിശേഷതകൾ പോലും മനസിലാക്കാനാകും. മാപ്പത്തോൺ വഴി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും മറ്റും ഓരോ പ്രദേശത്തിന്‍റെയും പ്രത്യേകതകൾ പഠിച്ച് ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് കൃത്യമായ ആസൂത്രണവും പദ്ധതി നിർവഹണവും നടപ്പാക്കാനാകും.
ഒ.എസ്.എം ട്രാക്കർ എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് ഫീൽഡിൽ നീർച്ചാലുകൾ മാപ്പ് ചെയ്യുകയും തുടർന്ന് ഓപ്പൺ സ്ട്രീറ്റ് മാപ്പ് വെബ്‌സൈറ്റ്, ക്യു.ജി.ഒ.ഐ.എസ് എന്നിവ ഉപയോഗിച്ച് അതത് ദിവസം രേഖപ്പെടുത്തുന്ന തോടുകൾ ഐ.ടി. മിഷനുമായി ചേർന്ന് അന്ന് തന്നെ മാപ്പിൽ വരക്കുന്ന രീതിയാണ് അവലംബിച്ചത്. സംസ്ഥാന ഹരിത കേരളം മിഷന്‍റെയും ഐ.ടി മിഷന്‍റെയും നേതൃത്വത്തിൽ 2020ലാണ് കേരളത്തിലെ നീർച്ചാലുകളുടെ മാപ്പിങ് ആദ്യമായി നടന്നത്. ഇതിന്‍റെ ഭാഗമായി കോട്ടയം ജില്ലയിലെ ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺമാർക്ക് ഐ.ടി മിഷന്‍റെ നേതൃത്വത്തിൽ മാപ്പത്തോൺ പരിശീലനം നൽകുകയും ജില്ലയിലെ ചില പ്രദേശങ്ങളിൽ പദ്ധതി വിജയകരമായി നടപ്പാക്കുകയും ചെയ്തിരുന്നു.