കോട്ടയം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ കോൺഗ്രസ് രണ്ട് തട്ടിൽ. പൗരത്വ ബില്ലിൽ പ്രതിഷേധിക്കുന്ന ബിജെപി ഇതര പാർട്ടികളെ ചേർത്തു നിർത്തി സംയുക്ത സമരങ്ങൾക്കായി ഒരു വിഭാഗം വാദിക്കുമ്പോൾ കേരളത്തിൽ അത് നടപ്പാക്കില്ലെന്നാണ് മറുപക്ഷത്തിന്‍റെ പ്രഖ്യാപനം. സംയുക്ത സരമത്തിനായി മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി തുടർച്ചയായ പ്രസ്‌താവനകള്‍ നടത്തുമ്പോൾ കേരളത്തിൽ അത്തരം പ്രതിഷേധങ്ങൾക്കുള്ള സാധ്യത നിലവിലില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കുന്നു.
പൗരത്വ നിയമ ഭേദഗതി പ്രതിഷേധം; കോൺഗ്രസില്‍ ഭിന്നത രൂക്ഷം
എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് ജനാധിപത്യ വിശ്വാസങ്ങളെ തകിടം മറിക്കുന്ന നിയമത്തിനെതിരെ ഒരുമിച്ച് പോകണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആഹ്വാനം
ജനാധിപത്യ വ്യവസ്ഥിതിയിൽ ജനാധിപത്യ പാർട്ടികളിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച്, ജനാധിപത്യ വിശ്വാസങ്ങളെ തകിടം മറിക്കുന്ന നിയമത്തിനെതിരെ ഒരുമിച്ച് പോകണമെന്നാണ് ഉമ്മൻ ചാണ്ടിയുടെ അഹ്വാനം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോട്ടയത്ത് നടന്ന മുസ്ലീം ലിഗ് പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉമ്മൻചാണ്ടി. ഇതര പാർട്ടികളുമായി യോജിച്ചുള്ള പ്രതിഷേധ സമരങ്ങളെ കുറിച്ച് കേന്ദ്ര നേതൃവുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കുന്നു. എന്നാൽ കേരളത്തിൽ ഇടതു പക്ഷവുമായി ചേർന്നുള്ള യതൊരുവിധ പ്രതിഷേധങ്ങൾക്കുള്ള സാധ്യതയും ഉയരുന്നില്ലെന്ന ഉറച്ച നിലപാടിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. വ്യക്തിപരമായല്ല താൻ മുഖ്യമന്ത്രിയെ വിമർശിക്കുന്നതെന്നും വ്യക്തവും സുതാര്യവുമായ നിലപാടാണ് താൻ സ്വീകരിച്ചിരിക്കുന്നതെന്നും, ആ നിലപാടുകളിൽ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പ്രതികരിച്ചിരുന്നു. പൗരത്വ ബില്ലിനെതിരായ പ്രതിഷേധ സമരങ്ങളിൽ കോൺഗ്രസിനുള്ളിലെ ഭിന്നത തെളിയിക്കുന്നതാണ് ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ പരസ്യ പ്രസ്താവനകൾ. വിഷയത്തിൽ കോൺഗ്രസിലെ ഭിന്നത മറനീക്കി പുറത്തുവന്ന സാഹചര്യത്തിൽ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങൾ സംസ്ഥാനത്ത് എത്തരത്തിലായിരിക്കുമെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.