കോട്ടയം: കനത്ത മഴയില്‍ കോട്ടയം ജില്ലയില്‍ നദികള്‍ കര കവിഞ്ഞു. മീനച്ചിലാറ്റിന്‍റെയും മണിമലയാറിന്‍റെയും തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പുലർച്ചയോടെ ആരംഭിച്ച മഴ ശക്തമായി തുടരുകയാണ്. കൂടാതെ കൂട്ടിക്കല്‍ മേലേത്തടത്ത് ഉരുള്‍പൊട്ടലുണ്ടായി. കൂട്ടിക്കലില്‍ അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്നും ആളുകളെ ഏന്തയാര്‍ ജെ.ജെ. മര്‍ഫി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു.
മീനച്ചിലാറും മണിമലയാറും കരകവിഞ്ഞു: കോട്ടയത്തിന്‍റെ തീരപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് കൂട്ടിക്കലിലെ ഉരുൾപൊട്ടലുണ്ടായ പ്രദേശത്തെ നാലു കുടുംബങ്ങള്‍ നേരത്തെ തന്നെ ബന്ധുക്കളുടെ വീടുകളിലേക്ക് മാറിയിരുന്നു. മണിമലയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടക്കുന്നം, മുണ്ടക്കയം, കോരുത്തോട്, എരുമേലി വടക്ക് മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
വല്യേന്ത മേഖലയില്‍ പുല്ലകയാറ്റില്‍നിന്നും വെള്ളം കയറി ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മീനച്ചിലാറിന്‍റെ തീരപ്രദേശത്ത് താമസിക്കുന്നവർക്കും കടുത്ത ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. മീനച്ചിറ്റിലെ ജലനിരപ്പുയരുന്നത് പാലാ നഗരത്തിലെ വ്യാപാരികളെയും അശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ കാലവർഷത്തിൽ ജലനിരപ്പുയർന്നതോടെ പാലാ നഗരവും വെള്ളത്തില്‍ മുങ്ങിയിരുന്നു.
മൂവാറ്റുപുഴയാറിലെ ജലനിരപ്പുയരുന്നതിനാല്‍ വൈക്കം മേഖലയിലെ തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. അടിയന്തര സാഹചര്യങ്ങൾ മുന്നിൽ കണ്ട് കോട്ടയം ജില്ലയിലെ ദുരന്തസാധ്യതാ മേഖലകളില്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ, താലൂക്ക് ഇന്‍സിഡന്‍റ് റെസ്‌പോണ്‍സ് ടീമും പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് ആളുകളെ ഒഴിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു വരികയാണ്.