കോട്ടയം :തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ സിഐടിയു കൊടി കുത്തിയ സംഭവത്തിൽ ബസ് ഉടമയെ മർദ്ദിച്ച സിഐടിയു നേതാവ് അറസ്റ്റിൽ. സിപിഎം ജില്ല കമ്മിറ്റി അംഗവും സിഐടിയു ജില്ല വൈസ് പ്രസിഡന്‍റുമായ അജയ് കെ ആറിനെയാണ് കുമരകം പൊലീസ് അറസ്റ്റ് ചെയ്‌തത്. മർദനത്തിന് പിന്നാലെ കുമരകം പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് ബസ് ഉടമ രാജ്‌മോഹൻ പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെയാണ് അജയ്‌യെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്ന് രാവിലെ ആറ് മണിയോടെ ബസിന് ചുറ്റും സിഐടിയു കെട്ടിയ കൊടി തോരണങ്ങൾ അഴിച്ചുമാറ്റുമ്പോഴാണ് ബസ് ഉടമയ്ക്ക് മർദനമേറ്റത്. പൊലീസ് കാഴ്‌ചക്കാരായി നിൽക്കുമ്പോഴാണ് ബസ് ഉടമ രാജ്‌മോഹന് മർദനമേറ്റത്. കൊടി അഴിച്ചാൽ വീട്ടിൽ കയറി തല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. സിപിഎം ജില്ല കമ്മിറ്റി അംഗവും തിരുവാർപ്പ് പഞ്ചായത്ത് അംഗവുമാണ് അറസ്റ്റിലായ കെ ആർ അജയ്.
ALSO READ :കോടതി വിധി പ്രകാരം ബസ് ഓടിക്കാനെത്തി ; പൊലീസ് നോക്കിനിൽക്കെ ഉടമയെ മർദിച്ച് സിഐടിയു പ്രവർത്തകൻ
കർഷകർക്ക് വേണ്ടി നടത്തിയ പോരാട്ടമാണ് തന്നെ സിപിഎമ്മിന്‍റെ നോട്ടപ്പുള്ളിയാക്കിയതെന്ന് ബസ് ഉടമ പിന്നീട് പ്രതികരിച്ചു. ഇന്ന് ബസ് സർവീസ് നടത്താൻ ജീവനക്കാരാരും വന്നില്ല. തന്നെ തല്ലാൻ തയ്യാറാകുന്നവർ ജീവനക്കാരെ കൊല്ലാൻ വരെ ശ്രമിക്കും. ജീവനക്കാർക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തണം. ഇതാണോ വ്യവസായ കേരളം, ഇങ്ങനെയാണോ നമ്പർ വൺ കേരളമെന്ന് പറയേണ്ടതെന്നും ബസ് ഉടമ രാജ്‌മോഹൻ ചോദിച്ചു.