കോട്ടയം:ഇന്ത്യയിലെ വിഖ്യാതമായ കലാലയങ്ങളിൽ ഒന്നായ ചങ്ങനാശ്ശേരി സെന്‍റ് ബർക്കാമൻസ് കോളജ് നൂറാം വയസിലേക്ക്. ശതാബ്‌ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ജൂൺ 19 ശനിയാഴ്‌ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു സ്ഥാപന ദിനം ഉത്ഘാടനം ചെയ്യും. മന്ത്രി വി. എൻ. വാസവൻ ലോഗോ പ്രകാശനം ചെയ്യും.
കൊവിഡ് പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ ചടങ്ങാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഒരു വർഷം നീണ്ടു നിൽക്കുന്ന നിരവധി പദ്ധതികൾക്കും രൂപം നൽകിയിട്ടുണ്ട്. ചങ്ങനാശ്ശേരി അതിരൂപതക്കു കീഴിൽ പ്രവർത്തിക്കുന്ന ഈ കോളജ് 1922 ജൂൺ 19 ന് ബിഷപ്പായിരുന്ന മാർ തോമസ് കുര്യാളശേരിയാണ് സ്ഥാപിച്ചത്.
ALSO READ:കോന്നിയിലും സ്ഫോടക വസ്തു ശേഖരം; കണ്ടെത്തിയത് 90 ജലാറ്റിൻ സ്റ്റിക്കുകൾ
ഇപ്പോൾ മഹാത്മഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എസ്.ബി കോളജിന് നാഷണൽ അസസ്മെന്‍റ് ആന്‍റ് അക്രഡിറ്റേഷൻ കൗൺസിലിന്‍റെ (എൻ.എ.എ.സി) എ പ്ലസ് പദവിയും മികവിനുള്ള യൂണിവേഴ്‌സിറ്റി ഗ്രാൻറ് കമ്മീഷന്‍റെ (യു.ജി.സി) അംഗീകാരവും ലഭിച്ചിട്ടുണ്ട്. 1995-96ലും 1996-97ലും മികച്ച കോളജിനുള്ള സംസ്ഥാന സർക്കാരിന്‍റെ ആർ. ശങ്കർ അവാർഡും നേടിയിട്ടുണ്ട്.
കാലത്തിൻ്റെ കൈവഴിയിൽ അറിവിൻ്റെ അമൃത് ചൊരിഞ്ഞ ഈ കലാലയം കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ അനേകായിരങ്ങൾക്കാണ് വിജ്ഞാനത്തിൻ്റെ വെളിച്ചം പകർന്ന് നൽകിയിട്ടുള്ളത്.