കേന്ദ്ര സർക്കാര്‍ പുരസ്‌കാരം കോട്ടയം കലക്‌ടര്‍ ഏറ്റുവാങ്ങുന്നു കോട്ടയം:ജില്ല ഭരണകൂടത്തിന്‍റെ വെബ്‌സൈറ്റിന് ലഭിച്ച, കേന്ദ്ര സർക്കാരിന്‍റെ ഡിജിറ്റൽ ഇന്ത്യ ഗോൾഡ് ദേശീയ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി. ജില്ല കലക്‌ടര്‍ ഡോ. പികെ ജയശ്രീ, ജില്ല ഇൻഫർമാറ്റിക്‌സ് ഓഫിസർ ബീന സിറിൾ പൊടിപാറ എന്നിവരാണ് പുരസ്‌കാരം സ്വീകരിച്ചത്. ന്യൂഡൽഹി വിജ്ഞാന്‍ ഭവനിലെ പ്ലീനറി ഹാളിൽ ജനുവരി ഏഴിന് രാവിലെ 11ന് നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാര വിതരണം.
കേന്ദ്ര ഇലക്ട്രോണിക്‌സ് - ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്‌ണവ്, മന്ത്രാലയം സെക്രട്ടറി അൽകേഷ് കുമാർ ശർമ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. വെബ്‌സൈറ്റുകൾക്കായി കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കുന്ന മികച്ച വെബ്‌സൈറ്റ് എന്ന കാറ്റഗറിയിലാണ് പുരസ്‌കാരനേട്ടം. മൊബൈൽ സംരംഭക വിഭാഗത്തില്‍ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് അവാര്‍ഡ് നൽകുന്നത്. kottayam.gov.in എന്ന വെബ്‌സൈറ്റിനാണ് ഈ അംഗീകാരം. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്‍ററാണ് വെബ്സൈറ്റ് രൂപകൽപന ചെയ്‌തത്.
സാധാരണക്കാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന രീതി, ഭിന്നശേഷി സൗഹൃദം എന്നിവ ഉള്‍പ്പെടുത്തിയാണ് വെബ്‌സൈറ്റിന്‍റെ രൂപകൽപന. കാഴ്‌ചാപരിമിതി ഉള്ളവർക്കായി വലിയ അക്ഷരത്തിൽ കാണുന്നതിനും വെബ്‌സൈറ്റിലെ വിവരങ്ങൾ കേൾക്കുന്നതിനുമുള്ള സൗകര്യവുമുണ്ട്. മൊബൈൽ, ടാബ്‌ലെറ്റുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങി എല്ലാ ഉപകരണങ്ങളിലും മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ വെബ്‌സൈറ്റ് ലഭിക്കും. ഇരുഭാഷകളിലും 153 പേജുകൾ വച്ച് 306 പേജുകളാണ് വെബ്‌സൈറ്റിനുള്ളത്.
'40 ഓൺലൈൻ സേവനങ്ങള്‍ ലഭ്യം':പ്രധാന വകുപ്പുകൾ സംബന്ധിച്ച വിവരങ്ങൾ, പദ്ധതികൾ, സേവനങ്ങൾ എന്നിവയ്‌ക്കൊപ്പം പൊതുജനങ്ങൾക്ക് വെള്ളം, വൈദ്യുതി, മറ്റ് ബില്ലുകൾ അടയ്ക്കുന്നതിനുള്ള ലിങ്കുകൾ, വോട്ടർ രജിസ്‌ട്രേഷൻ, വിവാഹം, ജനനം, മരണം രജിസ്‌ട്രേഷൻ, ഓൺലൈനായി ഭൂനികുതി അടയ്ക്കൽ തുടങ്ങി 40 ഓൺലൈൻ സേവനങ്ങളും വെബ്‌സൈറ്റിലുണ്ട്. നൂറിലേറെ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ വെബ്‌സൈറ്റിലുണ്ട്. ജില്ലയിലെ ടൂറിസത്തെ സംബന്ധിച്ച വിശദവിവരങ്ങൾ അടങ്ങിയ 'കോട്ടയം ടൂറിസം', 'എന്‍റെ ജില്ല' ആപ്പുകൾ വെബ്‌സൈറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
ജില്ലയുടെ ചരിത്രം, ഭൂമിശാസ്ത്രം, ജനസംഖ്യാശാസ്ത്രം, കാലാവസ്ഥ എന്നിവയും വിശദമായി പ്രതിപാദിപ്പിക്കുന്നുണ്ട്. സർക്കാർ സംബന്ധമായ മൊബൈൽ ആപ്ലിക്കേഷനുകളുടെ ലിങ്ക്, വീഡിയോ ഫോട്ടോ ഗാലറി എന്നിവയും വെബ്‌സൈറ്റിലുണ്ട്.