കോട്ടയം: പാലായിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. വാഴയിൽ മഠത്തിൽ വലിയ കാപ്പിൽ വി.എം തോമസിന്‍റെ വണ്ടിയ്‌ക്കാണ് തീ പിടിച്ചത്. സംഭവത്തിൽ ആളപായമില്ല. അതേസമയം കാറിന്‍റെ മുൻവശം കത്തി നശിച്ചു.
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു പാലാ പൊൻകുന്നം റോഡിൽ വാഴയിൽ മഠത്തിന് സമീപമാണ് സംഭവം. വാഹനത്തിൽ ഇന്ധനം നിറച്ചതിന് ശേഷം തിരികെ വീട്ടിലേക്ക് വരുന്ന വഴി പെട്രോളിന്‍റെ മണം അനുഭവപ്പെട്ടതായി വാഹന ഉടമ പറഞ്ഞു. വാഹനം ഹമ്പിൽ ചാടിയപ്പോൾ സ്‌പാർക്ക് ഉണ്ടായതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കാറിൽ പുക ഉയരുന്നത് കണ്ട് സൈഡിൽ പാർക്ക് ചെയ്യുകയായിരുന്നു. വാഹനത്തിൽ രണ്ടുപേരാണ് ഉണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് വാഹനത്തിന് ഉള്ളിൽ ഉണ്ടായിരുന്നവർ ഉടൻ പുറത്തിറങ്ങി ഓടിയതിനാൽ വലിയ അപകടം ഒഴിവായി.
അതേസമയം കാറിലുണ്ടായിരുന്ന ബാഗും മറ്റ് സാമഗ്രികളും കത്തി നശിച്ചു. ഉടൻ തന്നെ പാലാ ഫയർഫോഴ്‌സ് എത്തി തീ അണച്ചു. ഫയർഫോഴ്‌സ് ഓഫിസർ ബിജുമോന്‍റെ നേതൃത്വത്തിലാണ് തീയണച്ചത്.
കാർ പാർക്ക് ചെയ്‌തതിന് സമീപത്തുതന്നെ ഒരു സ്‌കൂട്ടർ കൂടി ഉണ്ടായിരുന്നു. എന്നാൽ ഇതിലേക്ക് തീ പടരുന്നതിന് മുമ്പ് തന്നെ ഫയർഫോഴ്‌സ് തീയണക്കുകയായിരുന്നു. പാലാ പൊലീസും സ്ഥലത്തെത്തിയിരുന്നു.