കോട്ടയം:ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ എയ്‌ഞ്ചല്‍വാലി സമര സമിതിയുടെ തീരുമാനം. 27 നകം വിഷയത്തില്‍ ഉചിതമായ തീരുമാനം ഉണ്ടാകണമെന്നാണ് ആവശ്യം. ഇല്ലെങ്കില്‍ സമരനടപടികളുമായി മുന്നോട്ട് പോകാനാണ് സമരസമിതിയുടെ പദ്ധതി.
വെള്ളിയാഴ്‌ച (ഡിസംബര്‍ 23) രാവിലെ ബഫർ സോൺ വിഷയത്തിൽ വ്യാപക പ്രതിഷേധവുമായി എയ്‌ഞ്ചല്‍വാലി നിവാസികൾ രംഗത്തെത്തിയിരുന്നു. സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഭൂപടത്തിൽ ജനമാസ മേഖല ബഫർ സോണിൽ ഉൾപ്പെടുത്തിയിരുന്നു എന്നാരോപിച്ചാണ് വ്യാപക പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. എരുമേലി പഞ്ചായത്തിലെ 11, 12 വാർഡുകളായ എയ്ഞ്ചൽവാലി, പമ്പാവാലി എന്നീ പ്രദേശങ്ങൾ പൂർണമായി ബഫർ സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇരു വാർഡുകളിലുമായി 1200 ൽ പരം ആളുകളാണ് താമസിക്കുന്നത്. വിഷയത്തിൽ സർക്കാർ മൗനം പാലിച്ചിരുന്ന സാഹചര്യത്തിലായിരുന്നു നാട്ടുകാർ വൻ പ്രതിഷേധവുമായി മുന്നോട്ടു വന്നത്. വനം വകുപ്പിൻ്റെ ബോർഡ് പിഴുതെടുത്ത് റേഞ്ച് ഓഫിസിനു മുന്നിൽ പ്രതിഷേധിച്ചും, ബോർഡിനു മുകളിൽ കരി ഓയിൽ ഒഴിച്ചും നാട്ടുകാർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി.
തുടർന്ന് 11 മണിയോടുകൂടി പ്രതിഷേധം താത്‌കാലികമായി അവസാനിപ്പിക്കുകയായിരുന്നു. അതിനിടെ ബഫർ സോൺ വിഷയം സംബന്ധിച്ചുള്ള പ്രതിഷേധത്തിന് പിന്നാലെ അനുരഞ്ജന നീക്കവുമായി പഞ്ചായത്തും രംഗത്തെത്തിയിരുന്നു. ബഫർ സോൺ വിഷയത്തിൽ സർക്കാർ ഓർഡർ അനുസരിച്ച് ജിയോ ടാഗ് ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും, വിഷയത്തില്‍ സുപ്രീംകോടതിയിൽ കക്ഷി ചേരുമെന്നും പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. എന്നാൽ പഞ്ചായത്തിന്‍റെ ഉറപ്പ് താത്‌കാലികം മാത്രമെന്നായിരുന്നു ബഫർ സോൺ വിരുദ്ധ സമരസമിതിയുടെ നിലപാട്.