കോട്ടയം:മുൻ ധനമന്ത്രിയും അന്തരിച്ച കേരള കോൺഗ്രസ് എം ചെയർമാനുമായ കെഎം മാണി മുഖ്യപ്രതിയായ ബാർ കോഴ കേസിൽ കേരളാ കോൺഗ്രസ് പാർട്ടി നടത്തിയ അന്വേഷണ റിപ്പോർട്ടെന്ന രീതിയിൽ പ്രചരിച്ച വാർത്തകൾ തള്ളി ജോസ് കെ മാണി. പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ട് പാർട്ടിയുടെ ഔദ്യോഗിക അന്വേഷണ റിപ്പോർട്ടല്ലെന്ന് ജോസ് കെ മാണി പ്രസ്താവനയിലൂടെ വ്യക്തമാക്കി. ബാർ കേസിൽ പാർട്ടി അന്വേഷണ റിപ്പോർട്ട് കൈവശമുണ്ടെന്ന കാര്യവും അദ്ദേഹം സ്ഥിരീകരിച്ചു. ആ റിപ്പോർട്ട് ഔദ്യോഗികമായി പുറത്ത് വിടാൻ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്ന നിലപാടിലാണ് ജോസ് കെ മാണിയും കൂട്ടരും.
ബാര്‍ കോഴയിലെ കേരള കോണ്‍ഗ്രസ് റിപ്പോര്‍ട്ട് പുറത്ത്; റിപ്പോർട്ട് തള്ളി ജോസ് കെ മാണി
റിപ്പോർട്ട് ഔദ്യോഗികമായി പുറത്ത് വിടാൻ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്ന നിലപാടിലാണ് ജോസ് കെ മാണിയും കൂട്ടരും. കേരള കോൺഗ്രസ് എമ്മിന്റെ അന്വേഷണ റിപ്പോർട്ടെന്ന പേരിൽ പുറത്ത് വന്ന റിപ്പോർട്ട് രമേശ് ചെന്നിത്തലയെ പ്രതിരോധത്തിലാക്കുന്നതായിരുന്നു
കേരള കോൺഗ്രസ് എമ്മിന്റെ അന്വേഷണ റിപ്പോർട്ടെന്ന പേരിൽ പുറത്ത് വന്ന റിപ്പോർട്ട് രമേശ് ചെന്നിത്തലയെ പ്രതിരോധത്തിലാക്കുന്നതായിരുന്നു. ബാർ കോഴ കേസിൽ കെഎം മാണിക്കെതിരായി പിസി ജോർജിൻ്റെ കൂട്ടുപിടിച്ച് രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പ് നേതാക്കളും ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തല്‍. ഗൂഢാലോചനയെപ്പറ്റി ഉമ്മൻ ചാണ്ടിക്കും അറിവുണ്ടായിരുന്നതായാണ് പുറത്ത് വന്ന റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്.
കെഎം മാണിയെ സമ്മർദ്ദത്തിലാക്കി പിന്തുണ നേടി ഉമ്മൻ ചാണ്ടിയെ പുറത്താക്കി മുഖ്യമന്ത്രിയാകുകയെന്നതായിരുന്നു രമേശിൻ്റെ ലക്ഷ്യമെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കെഎം മാണി, കേരള കോൺഗ്രസ് വിരോധികളായ കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ കെഎം മാണി മന്ത്രി സഭ മറിച്ചിടുമെന്ന് കള്ളക്കഥയുണ്ടാക്കി കേരളാ കോൺഗ്രസിനെ തകർക്കാനുള്ള ശ്രമം നടത്തിയെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർത്തിരുന്നു. ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനത്തിന് തൊട്ടു പിറകെ വന്ന അന്വേഷണ റിപ്പോർട്ടിലൂടെ കൂടുതൽ പ്രതിരോധത്തിലാകുകയാണ് കോൺഗ്രസ്. അതെ സമയം യഥാർഥ അന്വേഷണ റിപ്പോർട്ടല്ല പുറത്ത് വന്നതെന്ന് ജോസ് കെ മാണി തന്നെ വ്യക്തമാക്കുമ്പോൾ കോൺഗ്രസ് നേതാക്കൾക്ക് തെല്ലാശ്വാസം നൽകുന്നുണ്ടങ്കിലും, പുറത്തുവന്നത് യഥാർഥ അന്വേഷണ റിപ്പോർട്ടെങ്കിൽ കോൺഗ്രസിലെ എ, ഐ ഗ്രൂപ്പ് പോരിൽ മറ്റൊരു ഏടായി കേരളാ കോൺഗ്രസുമെത്തും.