കോട്ടയം: നവജാത ശിശുവിന്‍റെ മൃതദേഹം സംസ്‌കരിക്കാൻ സ്ഥലം വിട്ടുനല്‍കാതെ ഏറ്റുമാനൂർ നഗരസഭ. മൃതദേഹവുമായി എത്തിയ പൊലീസുകാരോട് പൊതുശ്‌മശാനത്തിൽ സംസ്‌കരിക്കാൻ സ്ഥലമില്ലെന്ന് പറഞ്ഞ് ഒഴിവാക്കാൻ ശ്രമിച്ചു. നഗരസഭക്ക് മുന്നിൽ മൃതദേഹവുമായി എസ്ഐ പ്രതിഷേധിക്കുമെന്ന് അറിയിച്ചതോടെയാണ് മൃതദേഹം സംസ്‌കരിക്കാൻ നഗരസഭയുടെ താൽക്കാലിക ശ്‌മശാനത്തിൽ സ്ഥലം അനുവദിച്ചത്. എന്നാൽ കുഴിയെടുക്കാൻ തൊഴിലാളികളെ നൽകിയില്ല. ഇതോടെ പൊലീസ് ഉദ്യോഗസ്ഥർ തന്നെ കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്യുകയായിരുന്നു. മുടന്തൻ ന്യായങ്ങൾ ഉന്നയിച്ചാണ് നഗരസഭ സംസ്‌കാരം വൈകിപ്പിച്ചതെന്ന് ഏറ്റുമാനൂർ എസ്ഐ അനൂപ് സി.നായർ പറഞ്ഞു.
നവജാത ശിശുവിന്‍റെ മൃതദേഹത്തോട് നഗരസഭയുടെ അനീതി; മൃതദേഹം സംസ്‌കരിച്ച് പൊലീസ് - നവജാത ശിശുവിന്‍റെ മൃതദേഹത്തോട് നഗരസഭയുടെ അനാദരവ്
മൃതദേഹം സംസ്‌കരിക്കുന്നതിനായി നഗരസഭ തൊഴിലാളികളെ അനുവദിക്കാത്തതിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥർ തന്നെ കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്‌തു
അതേസമയം ആവശ്യമായ രേഖകൾ ഇല്ലാതെയാണ് പൊലീസ് നഗരസഭയെ സമീപിച്ചതെന്നും മറ്റൊരു പഞ്ചായത്തിൽ നിന്നുള്ള മൃതദേഹമായതിനാൽ സ്ഥലം നൽകുക മാത്രമാണ് തങ്ങളുടെ കർത്തവ്യമെന്നും ബാക്കി നടപടികൾ ആ പഞ്ചായത്താണ് ചെയ്യേണ്ടതെന്നുമാണ് നഗരസഭയുടെ നിലപാട്. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ ഏറ്റുമാനൂർ നഗരസഭയിലേക്ക് മാർച്ച് നടത്തി. ഭർത്താവ് ഉപേക്ഷിച്ച് ഒറ്റപ്പെട്ട് താമസിക്കുന്ന യുവതി വ്യാഴാഴ്‌ച ഉച്ചയോടെയാണ് പ്രസവിച്ചത്. പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിച്ചതോടെയാണ് സംഭവത്തിൽ പൊലീസ് ഇടപെടുന്നത്.