കോട്ടയം : അയ്‌മനം ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് അന്താരാഷ്ട്ര പുരസ്‌കാരം. ഇന്ത്യയിലെ ഉത്തരവാദിത്ത ടൂറിസം പദ്ധതികളിൽ സന്ദർശിക്കേണ്ടത്(World Travel Market Responsible Tourism One to Watch Award) എന്ന വിഭാഗത്തിലാണ് അയ്‌മനം പഞ്ചായത്തിനേയും പദ്ധതിയേയും തെരഞ്ഞെടുത്തത്. ടൂറിസം ഡയറക്‌ടർ കൃഷ്‌ണ തേജ ഐ.എ.എസ് ലണ്ടനിൽ വച്ച് നടന്ന ചടങ്ങിൽ പുരസ്‌കാരം ഏറ്റുവാങ്ങി.
2018 ഏപ്രില്‍ മുതല്‍ 2020 മാര്‍ച്ച് 31 വരെ നടന്ന പ്രവർത്തനങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. ഇതോടെ കുമരകത്തിന് പിന്നാലെ കോട്ടയം ജില്ലയിലെ അടുത്ത ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി മാറിയിരിക്കുകയാണ് അയ്‌മനം ഗ്രാമം.
മുഖ്യമന്ത്രി പിണറായി വിജയൻ അയ്‌മനത്തെ മാതൃകാടൂറിസം വില്ലേജ് ആയി പ്രഖ്യാപിച്ച് 14 മാസങ്ങൾക്ക് ശേഷമാണ് പദ്ധതിയ്ക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്നത്.
പ്രാദേശിക ജനതയെ വരുമാനം നേടുന്നതിന് സഹായിക്കുന്ന തരത്തിൽ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പാരിസ്ഥിതിക സംരക്ഷണത്തിന് ഊന്നൽ നൽകുന്ന ടൂറിസം മാർഗനിർദേശങ്ങള്‍ പൂർണമായും നടപ്പിലാക്കിയതിനുമാണ് പഞ്ചായത്തിനെ അവാർഡിനായി തെരഞ്ഞെടുത്തത്.
കൊവിഡ് തളർത്തിയ വിനോദസഞ്ചാരത്തെ പുനരുജ്ജീവിപ്പിക്കാൻ പുരസ്‌കാരം കേരളത്തെ കൂടുതൽ പ്രാപ്‌തമാക്കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാര ഭൂപടത്തിൽ കേരളത്തിനുള്ള അന്താരാഷ്ട്ര ആകർഷണം നിലനിർത്താൻ അവാർഡ് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.