കോട്ടയം :കോട്ടയം മെഡിക്കൽ കോളജിൽ വനിത ഡോക്‌ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. കണ്ണൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു(17.06.2023) ഏറ്റുമാനൂർ പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി ഡോക്‌ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ഇതിന് പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു. പ്രതിയ്‌ക്കായി വ്യാപക തിരച്ചിൽ നടക്കുന്നതിനിടെയാണ് ഇയാളെ കണ്ണൂരിൽ നിന്ന് പൊലീസ് പിടികൂടിയത്.
ഡോ വന്ദനയുടെ കൊലപാതകം :ഇക്കഴിഞ്ഞ മെയ് പത്തിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ഡ്യൂട്ടി ചെയ്‌തിരുന്ന വന്ദന ദാസിനെ യുവാവ് കുത്തികൊലപ്പെടുത്തിയിരുന്നു. പൊലീസ് ആശുപത്രിയിലെത്തിച്ച സന്ദീപ് ചികിത്സയ്‌ക്കിടെ അക്രമാസക്തനാവുകയായിരുന്നു. ക്രൂരമായ അക്രമണമാണ് വന്ദനയ്‌ക്ക് നേരെയുണ്ടായത്.
11 കുത്തുകളാണ് വന്ദനയുടെ ശരീരത്തിലേറ്റത്. 23 മുറിവുകളുണ്ടായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉള്‍പ്പടെയുള്ള ഡോക്‌ടര്‍മാരുടെ സംഘടനകള്‍ ശക്തമായ ആശുപത്രി സംരക്ഷണ നിയമം ആവശ്യപ്പെട്ട് സമരം തുടങ്ങി. ഡോക്‌ടര്‍മാരുടെ സമ്മര്‍ദ ഫലമായി ആശുപത്രി സംരക്ഷണ നിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്‌ത് ഓര്‍ഡിനന്‍സ് ഇറക്കുകയും ഗവര്‍ണര്‍ നിയമത്തില്‍ ഒപ്പുവയ്‌ക്കുകയും ചെയ്‌തിരുന്നു.
ശക്തമായ വകുപ്പുകളാണ് നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് മാസം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒരു കോടി രൂപ വന്ദന ദാസിന്‍റെ കുടുംബത്തിന് നഷ്‌ടപരിഹാരമായി നല്‍കണമെന്നായിരുന്നു ഡോക്‌ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടത്.
ആശുപത്രി സംരക്ഷണ നിയമം സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി: ഡോക്‌ടര്‍മാര്‍ക്ക് നേരിടേണ്ടിവരുന്ന അതിക്രമങ്ങള്‍ കണക്കിലെടുത്ത് ആശുപത്രി സംരക്ഷണ നിയമം സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഇക്കഴിഞ്ഞ മെയ് 24ന് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. 2012ലെ കേരള ആരോഗ്യരക്ഷ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷ സേവന സ്ഥാപനങ്ങളും സംരക്ഷിക്കല്‍ നിയമം ഭേദഗതി ചെയ്‌തതാണ് പുതിയ ഓര്‍ഡിനന്‍സ്. മന്ത്രിസഭായോഗം അംഗീകരിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിട്ടുമുണ്ട്. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ നിയമം സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയത്.
ആശുപത്രിയിലെ അതിക്രമങ്ങള്‍ക്കും വാക്കാലുള്ള അധിക്ഷേപങ്ങള്‍ക്കും ശിക്ഷ ഉറപ്പാക്കുന്നതാണ് പുതിയ നിയമം. ആരോഗ്യ മേഖലയിലെ മിനിസ്‌റ്റീരിയല്‍ ജീവനക്കാര്‍ ഉള്‍പ്പടെ മുഴുവന്‍ ജീവനക്കാര്‍ക്കും സുരക്ഷ പരിരക്ഷ ഉറപ്പാക്കുന്ന നിയമത്തിനാണ് രൂപം നല്‍കിയിരിക്കുന്നത്. ആശുപത്രികളില്‍ കാണിക്കുന്ന അതിക്രമത്തിന് ആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെ കഠിന തടവ് ലഭിക്കുന്ന വകുപ്പുകളണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ശിക്ഷ ഇങ്ങനെ : അതിക്രമത്തിന്‍റെ കാഠിന്യമനുസരിച്ച് ശിക്ഷയും വര്‍ധിക്കും. കൊലപാതകം, കൊലപാതക ശ്രമം എന്നിവയ്‌ക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ പരമാവധി ശിക്ഷ ഉറപ്പുവരുത്തും. വാക്കാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അധിക്ഷേപിച്ചാലും ശിക്ഷ ലഭിക്കാനുള്ള വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്. ഡോക്‌ടര്‍മാര്‍, നഴ്‌സുമാര്‍, മെഡിക്കല്‍ നഴ്‌സിങ് വിദ്യാര്‍ഥികള്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ കൂടാതെ മിനിസ്‌റ്റീരിയല്‍ ജീവനക്കാരെയും സുരക്ഷ ജീവനക്കാരെയും പുതിയ നിയമത്തിന്‍റെ പരിരക്ഷയില്‍ കൊണ്ടുവന്നു.
ആരോഗ്യ രക്ഷാസ്ഥാപനങ്ങളില്‍ നിയമിക്കപ്പെട്ടിട്ടുള്ളതും ജോലി ചെയ്‌തുവരുന്നതുമായ പാരാമെഡിക്കല്‍ ജീവനക്കാര്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍, മാനേജീരിയല്‍ സ്‌റ്റാഫുകള്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവരും കാലാകാലങ്ങളില്‍ സര്‍ക്കാര്‍ ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരും ഇതിന്‍റെ ഭാഗമാകും. കൂടുതല്‍ പേരെ പിന്നീട് നിയമ പരിരക്ഷയില്‍ കൊണ്ടുവരാനുള്ള വകുപ്പും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.