കോട്ടയം: ബത്തേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം വലിയ വാര്‍ത്തായാകുമ്പോഴും പ്രതിഷേധം ആളിക്കത്തുമ്പോഴും നമ്മുടെ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരം എത്തരത്തിലാണ്..? പിഞ്ചുകുട്ടികള്‍ പഠിക്കുന്ന അംഗന്‍വാടികള്‍ പലതും അപകടകരമായ സാഹചര്യത്തിലാണ്. പാലാ സിവില്‍ സ്റ്റേഷന്‍ റോഡിന് സമീപമുള്ള അംഗന്‍വാടിയുടെ ചുറ്റും വള്ളിപ്പടര്‍പ്പുകള്‍ തിങ്ങിവളര്‍ന്നിട്ടും കാട് വെട്ടിതെളിക്കാന്‍ ആരും തയ്യാറാകുന്നില്ല.
കാടുകയറി അംഗന്‍വാടി; സുരക്ഷിതമല്ലാത്ത ചുറ്റുപാടില്‍ കുരുന്നുകള്‍ - pala
മുറ്റം ഒഴിച്ച് കെട്ടിടത്തിന്‍റെ ബാക്കി ഭാഗം മുഴുവനും കാട്ടുചെടികള്‍ വളര്‍ന്ന നിലയിലാണ്. അംഗന്‍വാടിയോട് ചേര്‍ന്നുള്ള ഭാഗത്താണ് ഏറ്റവുമധികം കുറ്റിച്ചെടികളും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞിരിക്കുന്നത്.
പാലാ നഗരമധ്യത്തിലാണ് അംഗന്‍വാടി പ്രവര്‍ത്തിക്കുന്നതെങ്കിലും ചുറ്റുവട്ടം മുഴുവനും കുറ്റിച്ചെടികള്‍ നിറഞ്ഞിരിക്കുകയാണ്. നഗരസഭാ 20 വാര്‍ഡില്‍ 132-ാം നമ്പര്‍ അംഗന്‍വാടിയുടെ അവസ്ഥയാണിത്. പതിനഞ്ചോളം കുരുന്നുകള്‍ പഠിക്കുന്ന അംഗന്‍വാടിയുടെ പിന്‍വശം കാടുമൂടിയ നിലയിലാണ്. സര്‍ക്കാര്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്‍റെ ഒരു ഭാഗത്താണ് അംഗന്‍വാടി. ഇപ്പോള്‍ ബിആര്‍സിയാണ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന്‍റെ മുറ്റം ഒഴിച്ച് ബാക്കി ഭാഗം മുഴുവനും കാട്ടുചെടികള്‍ വളര്‍ന്ന നിലയിലാണ്. അംഗന്‍വാടിയോട് ചേര്‍ന്നുള്ള ഭാഗത്താണ് ഏറ്റവുമധികം കുറ്റിച്ചെടികളും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞിരിക്കുന്നത്. ഈ ഭാഗത്ത് ഇഴജന്തുക്കളുടെ സാന്നിധ്യം തള്ളിക്കളയാനാവില്ല.
അംഗന്‍വാടിയുടെ ഒരു ജനല്‍ മുഴുവന്‍ സമയവും തുറന്നാണ് കിടക്കാറുള്ളതെന്ന് പ്രദേശവാസികള്‍ പറയുന്നു. ശുചീകരണമില്ലായ്‌മ പലവിധ രോഗങ്ങള്‍ക്കും ഇടയാക്കും. ചെറിയ കുട്ടികള്‍ ഇറങ്ങി നടക്കുന്ന സ്ഥലമായിട്ടും കാട് വെട്ടിത്തെളിക്കാന്‍ ആരും മുന്നിട്ടിറങ്ങിയിട്ടില്ല. ബത്തേരി സംഭവം നടന്നിട്ടും ആരും പാഠം പഠിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്.