സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിൽ അഴിമതിയെന്ന് ആരോപണം
നിര്‍മ്മാണത്തിന്‍റെ മറവില്‍ തോട്ടില്‍ നിന്നും പാറക്കല്ലുകള്‍ പൊട്ടിച്ച് കടത്തിയതായും ആരോപണമുണ്ട്.
കോട്ടയം: ഈരാറ്റുപേട്ട മൂന്നിലവ് ഉലക്കപ്പാറ തോടിന്‍റെ സംരക്ഷണ ഭിത്തി നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയെന്ന് ആരോപണം. അന്വേഷണം ആവശ്യപെട്ട് സമീപവാസികൾ വിജിലന്‍സിന് പരാതി നല്‍കി. സംസ്ഥാന മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്‍റെ പദ്ധതിയാണ് വിവാദമായിരിക്കുന്നത്. അടിഭാഗം കോണ്‍ക്രീറ്റ് ചെയ്യാത്തതിനാല്‍ അടുത്ത മലവള്ളപാച്ചിലില്‍ കെട്ടിടിയാനുള്ള സാധ്യതയുണ്ടെന്നും നിര്‍മാണവേളയില്‍ തന്നെ കെട്ടിടിഞ്ഞെന്നും പരാതിക്കാര്‍ പറയുന്നു. തോടിന്‍റെ സ്വാഭാവികത നിലനിര്‍ത്തപ്പെടണമെന്ന സാമാന്യ മര്യാദയും ലംഘിക്കപ്പെട്ടുവെന്ന് പരാതിയില്‍ പറയുന്നുണ്ട്. നിര്‍മ്മാണത്തിന്‍റെ മറവില്‍ തോട്ടില്‍ നിന്നും പാറക്കല്ലുകള്‍ പൊട്ടിച്ച് കടത്തിയതായും ആരോപണമുണ്ട്. പലയിടങ്ങളിലും കരിങ്കല്ലുകള്‍ക്ക് പകരം തോട്ടില്‍ തന്നെയുണ്ടായിരുന്ന ബലം കുറഞ്ഞ കല്ലുപയോഗിച്ചാണ് നിര്‍മാണം നടത്തിയിരിക്കുന്നത്.