കോട്ടയം:മാണി സി.കാപ്പനെ എല്‍ഡിഎഫില്‍ എടുക്കുന്ന പ്രശ്‌നമേയില്ലെന്ന് വ്യക്തമാക്കി മന്ത്രി എ.കെ ശശീന്ദ്രന്‍. കാപ്പന്‍റെ പ്രസ്താവന രാഷ്ട്രീയ മാറ്റത്തിനുള്ള സൂചനയല്ല. യുഡിഎഫിനുള്ളില്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് അദ്ദേഹം തുറന്നുപറഞ്ഞതെന്നും എകെ ശശീന്ദ്രൻ കൂട്ടിച്ചേര്‍ത്തു. ഐക്യ ജനാധിപത്യ മുന്നണി പ്രധാന പരിപാടികളില്‍ നിന്നെല്ലാം തന്നെ ഒഴിവാക്കുകയാണെന്ന ഗുരുതര ആരോപണവുമായി പാലാ എംഎല്‍എയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ) നേതാവുമായ മാണി സി.കാപ്പന്‍ രംഗത്തെത്തിയിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് പോയ കാപ്പന്‍, മുന്നണിയിലെ നിലവിലെ സ്ഥിതിയില്‍ തങ്ങള്‍ക്ക് അതൃപ്‌തിയുണ്ടെന്നും സൂചിപ്പിച്ചു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. കോട്ടയത്ത് വനം വകുപ്പിന്‍റെ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി.