കോട്ടയം: മീനച്ചിൽ പഞ്ചായത്തിലെ സ്വകാര്യ പന്നിഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഫാമിലെ പന്നികളുടെ മരണനിരക്ക് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന ലബോറട്ടറിയിലേക്കും ഭോപ്പാലിലെ ദേശീയ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് ഇൻസ്റ്റിറ്റ്യൂട്ട് ലാബിലേക്കും പരിശോധനയ്ക്ക് സാമ്പിൾ അയച്ചിരുന്നു. പരിശോധനയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.
ഉടൻ ജില്ല ഭരണകൂടം പ്രത്യേക സംഘത്തെ നിയോഗിച്ചുകൊണ്ട് പ്രതിരോധ നടപടികൾ ആരംഭിച്ചു. പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെയും ഇതിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലേയും പന്നികളെ കേന്ദ്ര സർക്കാരിന്‍റെ പ്രത്യേക പ്രോട്ടോക്കോൾ പാലിച്ച് മൂന്ന് മണിക്കൂർ ദയാവധം ചെയ്‌ത് സംസ്‌കരിച്ചു.
48 പന്നികളെ ദയാവധം ചെയ്‌തു: പൂർണ വളർച്ചയെത്തിയ 22 പന്നികളെയും ആറു മാസത്തിൽ താഴെയുള്ള 26 പന്നികളെയും ബുധനാഴ്‌ച ഉച്ചയ്ക്ക് രണ്ടു മണിയോടെ സംസ്‌കരിച്ച് പ്രതിരോധ-അണുനശീകരണ നടപടികൾ പൂർത്തീകരിച്ചതായി ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. ഷാജി പണിക്കശേരി അറിയിച്ചു. ഈ പന്നി ഫാമിൽനിന്ന് രണ്ടു മാസത്തിനിടെ മറ്റു ഫാമുകളിലേക്ക് പന്നികളെ കൊണ്ടുപോയിട്ടില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും പകരില്ല: ആഫ്രിക്കൻ പന്നിപ്പനിക്ക് വാക്‌സിനോ മറ്റു പ്രതിരോധ മരുന്നുകളോ ഇല്ലാത്തതിനാൽ പന്നികൾ കൂട്ടത്തോടെ ചത്തുപോകുന്ന സ്ഥിതി വിശേഷമാണ് ഉണ്ടാകുക. എച്ച്1എൻ1 പന്നിപ്പനിയിൽ നിന്ന് ആഫ്രിക്കൻ പന്നിപ്പനി വ്യത്യസ്‌തമാണ്. ഈ വൈറസ് കാട്ടു-വളർത്തു പന്നികളെ മാത്രമാണ് ബാധിക്കുക. മറ്റു മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പക്ഷികളിലേക്കും പടരുന്ന രോഗമല്ലാത്തതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോ. ഷാജി പണിക്കശേരി പറഞ്ഞു.
പ്രതിരോധ നടപടികൾ ഊർജിതം:രോഗം സ്ഥിരീകരിച്ച പന്നിഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് പന്നി മാംസം വിതരണം, വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനം എന്നിവ നിർത്തിവച്ച് ഉത്തരവായി. ഇവിടെ നിന്ന് പന്നികൾ, പന്നി മാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റിടങ്ങളിൽനിന്ന് നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും നിർത്തിവയ്ക്കാനും ഉത്തരവായി.
ദ്രുതകർമ സേന രൂപീകരിച്ചു: രോഗം സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, വില്ലേജ്, തദേശസ്ഥാപന സെക്രട്ടറിമാർ എന്നിവർ ചേർന്ന് ദ്രുതകർമസേന രൂപീകരിച്ചു. ജില്ലയിലെ മറ്റിടങ്ങളിൽ വൈറസ് കണ്ടെത്തുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട വെറ്ററിനറി ഓഫിസറെ അറിയിച്ച് വ്യാപനം തടയാൻ മൃഗസംരക്ഷണ ഓഫിസർമാർക്ക് നിർദേശം നൽകിയതായി ജില്ല കലക്‌ടർ ഡോ. പി.കെ ജയശ്രീ പറഞ്ഞു. ഈരാറ്റുപേട്ട, പാലാ നഗരസഭകളും കൊഴുവനാൽ, മുത്തോലി, ഭരണങ്ങാനം, തിടനാട്, പൂഞ്ഞാർ, മൂന്നിലവ്, കരൂർ, കിടങ്ങൂർ, കാഞ്ഞിരപ്പള്ളി, അകലക്കുന്നം, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തുകളും നിരീക്ഷണ മേഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Also Read: ആലപ്പുഴയില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലം; വിപണനവും കടത്തലും നിരോധിച്ചു